എന്താ ഏമാന്‍മാരെ ഇങ്ങനെ, കോട്ടയത്ത് തമ്മിലടിച്ച് കേരളാ പൊലീസ്; അതും നിസാര കാര്യത്തിന്

കോട്ടയം: കേരള പൊലീസിന് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച നടന്നത്. സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരെ ഉണ്ടായി. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

സംഭവത്തില്‍ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സ്‌റ്റേഷന്‍ പരിസരത്ത് ഒരു സി പി ഒ സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മറ്റൊരു സി പി ഒ ബൈക്ക് പാര്‍ക്ക് ചെയ്തതാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് പേരെയും സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബൈക്ക് എടുത്ത് മാറ്റണമെന്ന് ഒരു സി പി ഒ ആവശ്യപ്പെട്ടെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഇക്കാര്യം അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടാകുകയും ഒരാള്‍ രണ്ടാമന്റെ തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു.

പരിക്കേറ്റ സി പി ഒ കോട്ടയത്തെ തന്നെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. ഏതായാലും സംഭവം വാര്‍ത്തയായതോടെ പൊലീസ് സേനയ്ക്ക് ആകെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പൊലീസുകാര്‍ക്ക് സ്റ്റേഷനിലെ ക്രമസമാധാനം പോലും നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ഇവര്‍ എങ്ങനെയാണ് സ്‌റ്റേഷന്‍ പരിധിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നാണ് സംഭവമറിഞ്ഞ് ആളുകള്‍ ചോദിക്കുന്നത്.


Source link

Exit mobile version