സമയപരിധി ഇന്ന് തീരും, പണിയും പൂര്‍ത്തിയായില്ല കാല്‍നടയാത്ര പോലും അസാദ്ധ്യവും
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന പത്ത് സ്മാര്‍ട്ട് റോഡുകളുടെ പണി ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തലസ്ഥാനത്ത് നിന്നുള്ള മന്ത്രി കൂടിയായ വി. ശിവന്‍കുട്ടി പ്രഖ്യാപിച്ച സമയപരിധി ജൂണ്‍ 15ന് അവസാനിക്കും. റോഡുകളുടെ നിര്‍മാണം അടുത്തകാലത്തൊന്നും പൂര്‍ത്തിയാകുന്ന മട്ടിലല്ല കാര്യങ്ങളുടെ പോക്ക്. പല റോഡുകളിലും കാല്‍നട യാത്ര പോലും അസാദ്ധ്യമാണ്.
റോഡ് നിര്‍മാണവും ഒപ്പം പുരോഗമിക്കുന്ന ഓട നിര്‍മാണവും കൂടിയായപ്പോള്‍ പല സ്ഥലങ്ങളിലും ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. റോഡുകള്‍ മഴക്കാലത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ തലസ്ഥാന നഗരനിവാസികള്‍ മാസങ്ങളായി തെരുവില്‍ ബുദ്ധിമുട്ടുകയാണ്. പല റോഡുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട് മാസങ്ങളായി. ഇത് കാരണം തലസ്ഥാനത്തെ പോക്കറ്റ് റോഡുകളില്‍ പോലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വേനല്‍ മഴയില്‍ വെള്ളപ്പൊക്കം പല സ്ഥലങ്ങളിലുമുണ്ടായതോടെയാണ് ഓട നിര്‍മാണത്തിലേക്കും നിലവിലുള്ളത് വൃത്തിയാക്കുന്നതിലേക്കും നഗരസഭ കടന്നത്. കടുത്ത ജനരോഷമാണ് ഇക്കാര്യത്തില്‍ അധികാരികള്‍ നേരിടുന്നത്. സ്‌കൂളുകള്‍ കൂടി തുറന്നതോടെ സ്‌കൂള്‍ സമയത്ത് ഗതാഗതക്കുരുക്ക് പലയിടത്തും രൂക്ഷമാണ്.
ഓവര്‍ ബ്രിഡ്ജ്- ഉപ്പിടാംമൂട് റോഡ്, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ – വഞ്ചിയൂര്‍ റോഡിന്റെ ഒരു ഭാഗം, തൈക്കാട് ശാസ്താ ക്ഷേത്രം റോഡ്, ചാല കൊത്തുവാല്‍ സ്ട്രീറ്റ് റോഡ്, ബേക്കറി ഫോറസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളില്‍ കാല്‍നട പോലും അസാദ്ധ്യമാണ്. പണി പൂര്‍ത്തിയായി എന്ന് പറയുന്ന മറ്റ് റോഡുകളിലാകട്ടെ ആദ്യ ഘട്ട ടാറിങ് മാത്രമാണ് പൂര്‍ത്തിയായത്.
Source link