പാർലമെന്റ് മന്ദിരത്തിൽ  ഗുരുദേവ ചിത്രവും പ്രതിമയും സ്ഥാപിക്കണം

ശിവഗിരി: പാർലമെന്റ് മന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രവും മന്ദിരാങ്കണത്തിൽ ഗുരുദേവ പ്രതിമയും സ്ഥാപിക്കണമെന്ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭാ വാർഷിക സമ്മേളനം കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു.

സർക്കാർ ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ മേഖലയിലും ജനസംഖ്യാനുപാതിക സംവരണം ഏർപ്പെടുത്തുക, ഐ.ടി പാർക്കുകൾ ഉൾപ്പെടെ വിദേശ മദ്യശാലകൾ അനുവദിക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയുക, മദ്യവർജ്ജന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് സർക്കാർ സഹായം നല്‍കുക, തിരൂർ മലയാളം, കാലടി സംസ്കൃത സർവകലാശാലകളിൽ മലയാളം, സംസ്കൃത ഭാഷകൾക്ക് മഹത്തായ സംഭാവനകൾ നൽകിയ ശ്രീനാരായണ ഗുരുവിന്റെ പേരിൽ ചെയറുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, കെ.ടി. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. രജിസ്ട്രാർ അഡ്വ. പി.എം. മധു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ. പി. ചന്ദ്രമോഹൻ, കെ.കെ. കൃഷ്ണാനന്ദബാബു (വൈസ് പ്രസിഡന്റുമാർ), കെ.ടി. സുകുമാരൻ (രജിസ്ട്രാർ), പ്രൊഫ. ഡോ. സനൽകുമാർ.ടി (പി.ആർ.ഒ.), പുത്തൂർ ശോഭനൻ, സുരേന്ദ്രബാബു, (ജോയിന്റ് രജിസ്ട്രാർമാർ) സത്യൻ പന്തത്തല (ചീഫ് കോ ഓർഡിനേറ്റർ) എസ്. അശോകൻ ശാന്തി, ചന്ദ്രൻ പുളിങ്കുന്ന് (കോ – ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.


Source link
Exit mobile version