സൂപ്പർമാർക്കറ്റിൽ സെയിൽസ് മാൻ, ഗൾഫിൽ പത്രം വിറ്റു; വിജയ് സേതുപതിയുടെ അദ്ഭുതകഥ
സാന്റിയാഗോ എന്ന സ്ഥലത്ത് ഒരു ബലൂണ്‍ കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. ബലൂണ്‍ കച്ചവടം മന്ദഗതിയില്‍ ആകുമ്പോള്‍ ഹൈഡ്രജന്‍ ബലൂണ്‍ മുകളിലേക്ക് പറത്തി വിടും. ഇതു കണ്ട് കുട്ടികള്‍ ഓടിക്കൂടി. ബലൂണ്‍ കച്ചവടം വീണ്ടും നടക്കും. അപ്പോള്‍ ഒരു കുട്ടി ബലൂണ്‍ കച്ചവടക്കാരനോട് ചോദിച്ചു.
”കറുത്ത ബലുണ്‍ മുകളിലേക്ക് പറത്തിയാല്‍ പറക്കുമോ?”
കച്ചവടക്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
” ബലുണിന്റെ നിറമോ വലുപ്പമോ ഒന്നും അല്ല പ്രശ്‌നം. അതില്‍ എന്ത് ആണോ ഉയരത്തില്‍ പറക്കാന്‍ സഹായിക്കുന്ന ഘടകം അതാണ് ഉയരത്തില്‍ എത്താന്‍ സഹായിക്കുന്നത്”
അത്തരമൊരൂ തിരിച്ചറിവിന്റെ ബാക്കി പത്രമാണ് വിജയ് സേതുപതി എന്ന നടന്‍. സ്വപ്നങ്ങള്‍ക്ക് പരിധികളില്ലെന്നാണ് വിജയ്‌യുടെ ജീവിതം നമ്മോട് പറയുന്നത്.
2010 ഡിസംബര്‍ 23ന് തമിഴിലെ പ്രമുഖ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് സമൂഹമാധ്യമ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു. ‘തെന്നേയ്ക്ക് പെരുവക്കാറ്റ് എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ വെളളിത്തിരയില്‍ കാണുന്നതില്‍ അതീവ സന്തോഷത്തിലാണ്. എല്ലാ വിധ ആശംസകളും വിജയ്…നീ തകര്‍ക്കൂ…’
തൊട്ടുപിന്നാലെ ഒരു കമന്റ ് എത്തി. ആരാണ് വിജയ് സേതുപതി? 14 വര്‍ഷം മുന്‍പ് തമിഴ് ജനതയുടെ ആ കമന്റിന് മറുപടിയായി കാര്‍ത്തിക് സുബ്ബരാജ് ഇങ്ങനെ കുറിച്ചു.
‘വിജയ് സേതുപതി ആരെന്ന് വൈകാതെ നിങ്ങളറിയും’
ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു നടന്ന ലോകേഷ് കനകരാജിനെ കണ്ടെത്തി സൂപ്പര്‍സംവിധായകനായി ഉയര്‍ത്തിയ ഭീകരനാണ് കാര്‍ത്തിക് സുബ്ബരാജ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പിഴയ്ക്കാറില്ല. കണ്ടെത്തലുകള്‍ തെറ്റാറുമില്ല.
ഇന്ന് ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആദരിക്കുന്ന വിജയ് സേതുപതിയുടെ തുടക്കകാലം ഏറെ ക്ലേശഭരിതമായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോലും നിന്നെ കൊളളില്ലെന്ന് പരിഹസിച്ചവര്‍ക്കിടയിലൂടെ നടന്ന് ശരിക്കും പൊരുതി നേടിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പലരും പല കുറ്റങ്ങളാണ് അദ്ദേഹത്തില്‍ കണ്ടുപിടിച്ചത്. ഉയരമില്ലെന്നും കറുത്തവനാണെന്നും കാഴ്ചയില്‍ തീരെ ഭംഗിയില്ലെന്നുമൊക്കെ അപഹസിച്ചവരുണ്ട്. അതൊക്കെ കേട്ടിട്ടും ഉലയാതെ നിന്ന വിജയിയെ വേദനിപ്പിച്ചത് ചലച്ചിത്രരംഗത്തുളള ഒരു വ്യക്തിയുടെ ഈ കമന്റാണ്.
‘വെറുതെ വെളളം കോരണ്ട വിജയ്. ഒരിക്കലും നിനക്ക് ചാന്‍സ് കിട്ടാന്‍ പോകുന്നില്ല’
തന്റെ സ്വപ്നങ്ങള്‍ തല്ലിയുടയ്ക്കുന്ന ആ വാക്കുകള്‍ അദ്ദേഹത്തെ അഗാധമായി വേദനിപ്പിച്ചു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും? സിനിമയില്‍ ഒരു നവാഗതന്‍ എന്തും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവനാണ്. വിജയം കയ്യെത്തിപ്പിടിക്കും വരെ പരിഹസിക്കപ്പെടാനുളളതാണ് അവന്റെ ജന്മം എന്ന ബോധ്യം വിജയ്ക്കുണ്ടായിരുന്നു. അവിടെയും അദ്ദേഹം തളര്‍ന്നില്ല.
ഉയരം കുറഞ്ഞത് ഒരു കുറ്റമാണോ?
തമിഴ്‌നാട്ടിലെ രാജപാളയം സ്വദേശി കാളിമുത്തുവിന്റെയും സരസ്വതിയുടെയും നാലു മക്കളില്‍ രണ്ടാമനായിരുന്നു വിജയ്. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് വിജയ്ക്ക് ആറു വയസുളളപ്പോള്‍ ആ കുടുംബം ചെന്നൈയിലെത്തി. കോടമ്പാക്കം എം.ജി.ആര്‍ ഹൈസ്‌കൂളിലും ലിറ്റില്‍ ഏയ്ഞ്ചല്‍ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി.
പഠനത്തിലും സ്‌പോര്‍ട്‌സിലും കലാപരമായ കാര്യങ്ങളിലുമൊക്കെ വളരെ പിന്നിലായിരുന്നു വിജയ്. ഒന്നിലും പ്രത്യേക അഭിരുചിയുളളതായി അദ്ദേഹത്തിനോ സഹപാഠികള്‍ക്കോ അധ്യാപകര്‍ക്കോ ആര്‍ക്കും അനുഭവപ്പെട്ടില്ല. ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ ശേഷിയില്ലാത്ത ഒരു ശരാശരി വിദ്യാര്‍ത്ഥി.
പക്ഷേ, അന്നേ സിനിമയുടെ മായികലോകം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ എന്തെങ്കിലും ആകാന്‍ കഴിയുമെന്ന വിശ്വാസം തീരെയുണ്ടായിരുന്നില്ല. പതിനാറാം വയസില്‍ കൂട്ടുകാര്‍ക്കൊപ്പം ‘നമ്മവര്‍’ എന്ന പടത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തു. ഉയരമില്ലെന്ന കാരണം പറഞ്ഞ് അവര്‍ തിരസ്‌കരിച്ചു. വീട്ടില്‍ മടങ്ങിയെത്തിയ വിജയ്‌യെ നിരാശനായി കണ്ട് അച്ഛന്‍ കാരണം തിരക്കി. വിജയ് ഏറെ സങ്കടത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. സാധാരണ പിതാക്കന്‍മാരില്‍ നിന്ന് വ്യത്യസ്തമായി അച്ഛന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.
”എന്റെ മോന്‍ മിടുക്കനാണ്. നീ ഉയരങ്ങളിലെത്തുക തന്നെ ചെയ്യും” അതു കേട്ടപ്പോള്‍ വിജയ്ക്ക് ദേഷ്യമാണ് തോന്നിയത്.
‘പഠിക്കുകയുമില്ല. മറ്റൊരു കഴിവുമില്ല. ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാണ് അപ്പാ ഇങ്ങനെ കളിയാക്കുന്നത്?’ വിജയ് അച്ഛനുമായി വഴക്കിട്ടു. അപ്പോഴും അ്ചഛന്‍ ആവര്‍ത്തിക്കും.
‘കളിയാക്കിയതല്ല മോനെ. എന്റെ മനസ് പറയുന്നു. നീ മിടുക്കനാണ്. ജീവിതത്തില്‍ നീ ഉയരങ്ങളിലെത്തും.’
അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച ആ സമയത്ത് വിജയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് മഹാവിജയങ്ങളുടെ നെറുകയില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ വിജയ്‌യുടെ ഏറ്റവും വലിയ ദുഃഖം അതാണ്. താന്‍ ആരുമല്ലാതിരുന്ന കാലത്തും മിടുക്കനാണെന്ന് ഒരു മന്ത്രം പോലെ പറഞ്ഞു പറഞ്ഞ് ആത്മവിശ്വാസം വളര്‍ത്തിയ പിതാവ് ഒപ്പമില്ല. അന്ന് അച്ഛനെ തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അദ്ദേഹം പറഞ്ഞത് ഉളളില്‍ തട്ടി ആത്മാര്‍ത്ഥമായാണ്. ലോകത്ത് ഏതൊരു പിതാവും തന്റെ മക്കള്‍ മോശമാണെങ്കില്‍ പോലും അങ്ങനെ പറഞ്ഞു കേള്‍ക്കാനോ വിചാരിക്കാനോ കഴിയില്ല. അവന്‍ ഉയരങ്ങളിലെത്താന്‍ ആ മനസ് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. ആ പ്രാർഥനയാണ് അദ്ദേഹം വാക്കുകളായി തന്നിലേക്ക് ചൊരിഞ്ഞത്. ഇന്ന് വിജയ് യുടെ ഏറ്റവും വലിയ ആഗ്രഹം തന്റെ മക്കള്‍ വളര്‍ന്ന് ഉയരങ്ങളിലെത്തുമ്പോള്‍ കയ്യടിക്കാന്‍ താന്‍ ഒപ്പമുണ്ടാവണം എന്നാണ്. ഇന്നും ഒരു സാധാരണക്കാരനെ പോലെ തന്റെ ദുഃഖവും പ്രതീക്ഷകളും പങ്കു വയ്ക്കുന്ന വിജയ് യുടെ വളര്‍ച്ചയും അങ്ങനെ തന്നെയായിരുന്നു. ഒരുപാട് നിരാകരണങ്ങളും നിരാശകളും കടന്ന് വിജയം എത്തിപ്പിടിച്ച ഒരു ജീവിതം.
എല്ലാവരെയും പോലെ ഞാനും
പഠിക്കുന്ന കാലത്ത് പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലെന്ന അപകര്‍ഷതാ ബോധം വിജയ്‌യെ നന്നായി അലട്ടിയിരുന്നു. ജീവിതത്തില്‍ എവിടെ എത്തുമെന്നതിനെ സംബന്ധിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. കോളജില്‍ ബികോമിന് ചേര്‍ന്നപ്പോള്‍ എന്തിനാണ് അതെടുത്തതെന്ന് അച്ഛന്‍ ചോദിച്ചു.
‘എല്ലാവരും എടുത്തതു കൊണ്ട് ഞാനും എടുത്തു,’ എന്നായിരുന്നു മറുപടി.
അന്ന് കൂട്ടുകാരൊക്കെ ധാരാളം പോക്കറ്റ് മണിയുമായി വന്ന് അടിച്ചുപൊളിക്കുമ്പോള്‍ പണം ചോദിക്കാനുളള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലാസ് കഴിഞ്ഞ് ചെറിയ ജോലികള്‍ ചെയ്ത് വിജയ് പോക്കറ്റ് മണിക്കുളള പണമുണ്ടാക്കി. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായും ടെലഫോണ്‍ ബൂത്തില്‍ ഫോണ്‍ ഓപ്പറേറ്ററായും നിന്നു.
ബികോം കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ ജീവിക്കാന്‍ ഒരു ജോലി വേണമെന്നായി. അങ്ങനെ ഹോള്‍സെയില്‍ സിമന്റ് കമ്പനിയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായി കയറി.
വളരെ ചെറിയ വേതനം മാത്രം. വീട്ടില്‍ അന്ന് കുന്നോളം കടങ്ങളുണ്ട്. കൂടാതെ അനുജനും അനുജത്തിയും പഠിക്കുന്നു. സഹോദരിയുടെ വിവാഹം നടത്തേണ്ടതുണ്ട്. ചെറിയ തുക കൊണ്ട് പിടിച്ചു നില്‍ക്കാനാവില്ലെന്നായപ്പോള്‍ ചേട്ടന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഗള്‍ഫിലേക്ക് പറന്നു.
അക്കൗണ്ടന്റായി അവിടെ ജോലി ലഭിച്ചു. സാമാന്യം ഭേദപ്പെട്ട ശമ്പളമുണ്ട്. പക്ഷെ ചിലവുകള്‍ അതിലേറെയാണ്. സ്വന്തം കാര്യങ്ങള്‍ നടക്കണം. വീട്ടിലേക്ക് പണം അയയ്ക്കണം. താമസ സ്ഥലത്ത് വാടക കൊടുക്കണം. പലപ്പോഴും വാടക കൊടുക്കാന്‍ പണം തികയാതെയായി. അതിന്, പരിഹാരം കണ്ടെത്താനായി ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടങ്ങളില്‍ പരസ്യ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ പോയി. മാസം 50 ദിറംസ് പ്രതിഫലമായി കിട്ടും. മുകള്‍ നിലയിലേക്ക് ലിഫ്റ്റില്‍ പോകും. പിന്നെ നോട്ടീസ് കൊടുക്കാനായി ഓരോ നിലയും നടന്നിറങ്ങും. ഏറ്റവും താഴെയെത്തുമ്പോഴേക്കും അവശനാകും.
വിജയ് യുടെ മനോനില തന്നെ മാറ്റി മറിച്ച കാലമായിരുന്നു അത്. കറുപ്പുനിറവും സൗന്ദര്യമില്ലായ്മയുമൊക്കെ മനസില്‍ കൊണ്ടു നടന്ന് വിഷമിച്ച വിജയ്ക്ക് അതൊന്നുമല്ല വിജയത്തിന്റെ അടിസ്ഥാനമെന്ന് ബോധ്യപ്പെടുത്തി കൊടുത്തത് ഗള്‍ഫ് കാലമായിരുന്നു. സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച കാലം. അന്ന് ചേട്ടന്‍ വിജയ്‌യുടെ ഫോട്ടോസ് എടുക്കുമായിരുന്നു. അത് കാണിച്ച് നീ ‘സുന്ദരനാണ്’, ‘ഫോട്ടോജനിക്കാണ്’ എന്നൊക്കെ പറഞ്ഞ് അനുജനില്‍ ആത്മവിശ്വാസം വളര്‍ത്തും. ഫോട്ടോസ് കണ്ടപ്പോള്‍ ചേട്ടന്‍ പറയുന്നത് ശരിയാണെന്ന് വിജയ്ക്കും തോന്നി. കാരണം നേരിട്ടു കാണുന്നതില്‍ നിന്ന് ഭിന്നമായി ഫോട്ടോസില്‍ തനിക്ക് നിറം തോന്നുന്നുണ്ട്. കാഴ്ചയിലും കുറച്ച് സൗന്ദര്യമൊക്കെയുണ്ട്.
പ്രണയകാലം
സ്‌കൂളില്‍ പഠിക്കുന്ന കാലത്തും പിന്നീട് കോളജിലെത്തിയപ്പോഴും കൂട്ടുകാരൊക്കെ പ്രണയിച്ച് നടക്കുന്നത് കണ്ട് വിജയ് കൊതിയോടെ നോക്കി നില്‍ക്കും. വിജയ്ക്കും പല കുട്ടികളോടും പ്രണയം തോന്നിയിരുന്നു. പക്ഷേ, ഒരു പെണ്‍കുട്ടിയുടെ മുഖത്തു നോക്കി നിന്നെ എനിക്ക് ഇഷ്ടമാണെന്ന് പറയാനുളള ധൈര്യമില്ല. കറുത്തു കുറുകിയ തന്നെ അവര്‍ പരസ്യമായി അപമാനിച്ചാലോ എന്ന ഭയം. സ്‌കൂളില്‍ മൂന്ന് വര്‍ഷത്തോളം ഒരു കുട്ടിയുടെ പിന്നാലെ നടന്നു.
കോളജില്‍ പഠിക്കുന്ന കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി. നാലു വര്‍ഷത്തോളം ഒരു പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നു. രാവിലെ അവള്‍ കയറുന്ന ബസില്‍ കയറും. അവള്‍ ഇറങ്ങുന്നിടത്ത് ഇറങ്ങും. എന്നിട്ട് അവളെ നോക്കി നില്‍ക്കും. പക്ഷേ, തുറന്നു പറയാതെ വിജയ്‌യുടെ മനസ് അവളെങ്ങിനെ അറിയും? അവള്‍ തുറിച്ചൊന്ന് നോക്കിയാല്‍ നെഞ്ചിടിക്കും. വിയര്‍ക്കും. വിറയ്ക്കാന്‍ തുടങ്ങും. അത്രയ്ക്ക് സെന്‍സിറ്റീവായിരുന്നു വിജയ്. ഒടുവില്‍ സുഹൃത്തുക്കള്‍ പറഞ്ഞു.
‘നിനക്ക് പ്രൊപ്പോസ് ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍ വേണ്ട. പക്ഷേ, നീ അവളോട് പറ. കഴിഞ്ഞ നാലു വര്‍ഷമായി നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ പതിവായി നീ കയറുന്ന ബസില്‍ കയറുന്നുണ്ടെന്ന്. അപ്പോള്‍ അവള്‍ക്ക് സിംപതി തോന്നി അത് പ്രണയത്തിലേക്ക് വഴിമാറും,’ എന്ന്. അപ്പോഴും വിജയ് മടിച്ചു നിന്നു.
അങ്ങനെയുളള വിജയ്‌യെ മാറ്റി മറിച്ചത് ഗള്‍ഫ് കാലമായിരുന്നു. താന്‍ തീരെ മോശപ്പെട്ട ഒരാളല്ലെന്നും ഈ ലോകത്ത് തനിക്കും പല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന ബോധം നയിച്ചു തുടങ്ങി. ഈ സമയത്താണ് ഫെയ്സ്ബുക്കിലുടെ ജെസി എന്ന കുട്ടിയെ പരിചയപ്പെടുന്നത്. കൊല്ലം സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയായിരുന്നു. ഇരുവരും ചാറ്റിങ്ങിലൂടെ നല്ല സുഹൃത്തുക്കളായി.
അവധിക്ക് നാട്ടിലെത്തിയ വിജയ് ജെസിയെ നേരിട്ട് കണ്ടു. കല്യാണം കഴിച്ചാലോ എന്ന് വിജയ് ചോദിച്ചപ്പോള്‍ ജെസി സമ്മതം മൂളി. ഇരുവരും വീട്ടില്‍ വിവരം അറിയിച്ചു. ആദ്യം ചില്ലറ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവരുടെ ബന്ധത്തില്‍ വിലങ്ങു തടിയായില്ല. ഇരുകുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ 2003ല്‍ വിവാഹം നടന്നു.
രണ്ടും കല്‍പ്പിച്ച് ജോലി ഉപേക്ഷിച്ചു
അവിചാരിതമായി ഒരു പ്രണയവും കുടുംബജീവിതവുമെല്ലാം സംഭവിച്ചെങ്കിലും ചില കാര്യങ്ങളില്‍ വിജയ് അതൃപ്തനായിരുന്നു. ഈ ജോലിയില്‍ തനിക്ക് യാതൊരു സന്തോഷവുമില്ലെന്നും നാട്ടിലെത്തി മറ്റെന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ജെസിയോട് പറഞ്ഞു. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനസൂളള ജെസി അതിനോട് യോജിച്ചു. അങ്ങനെ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങി. അത് പരാജയമായതോടെ ജീവിതം ആകെ അനിശ്ചിതാവസ്ഥയിലായി.
അങ്ങനെയിരിക്കെ ചെന്നൈ ആസ്ഥാനമായുളള കൂത്ത്-പി-പട്ടറൈ എന്ന നാടകക്കമ്പനിയുടെ ഒരു നാടകം കാണാനിടയായി. അതില്‍ ചേര്‍ക്കാമോയെന്ന് ചോദിച്ചെങ്കിലും അവര്‍ തയാറായില്ല. അതേ സമയം അക്കൗണ്ടന്റായി ജോലി ചെയ്യാന്‍ അവസരം നല്‍കി. നാടക്കമ്പനിയിലെ ജോലി വിജയ്‌യെ ഉഷാറാക്കി. നാടക റിഹേഴ്‌സല്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ നടീനടന്‍മാരുടെ അഭിനയം സൂക്ഷ്മമായി നിരീക്ഷിക്കും. രണ്ടു വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു. അപ്പോഴേക്കും നടനാകാനുളള അഭിനിവേശം തീവ്രമായി.
നീ നല്ല ഫോട്ടോജനിക്കാണെന്ന ചേട്ടന്റെ വാക്കുകള്‍ ഊര്‍ജ്ജം പകര്‍ന്നു. ജോലി ഉപേക്ഷിച്ച് രണ്ടും കല്‍പ്പിച്ച് സിനിമയ്ക്കായി ഇറങ്ങി. മൂത്ത മകന്‍ സൂര്യ ജനിച്ച സമയമായിരുന്നു അത്. സിനിമാ ശ്രമങ്ങള്‍ ഒരിടത്തും എത്തുന്നില്ല. കല്യാണം കഴിഞ്ഞ് കുടുംബമായ സ്ഥിതിക്ക് ഇനി ഈ കോപ്രായങ്ങള്‍ക്ക് നില്‍ക്കാതെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും ഉപദേശിച്ചു. പക്ഷെ വിജയ് പിന്‍വാങ്ങിയില്ല. ആഗ്രഹം അത്രമേല്‍ തീക്ഷ്ണമായിരുന്നു.
‘ആറു മാസം ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ. എന്നിട്ടും പറ്റിയില്ലെങ്കില്‍ വേറെ ജോലി നോക്കാം’ എന്ന് ജെസിക്ക് വാക്ക് കൊടുത്തു. ആറു മാസം 60 മാസമായിട്ടും ഫലപ്രാപ്തിയിലെത്തിയില്ല. ഓരോ ആറു മാസം കഴിയുമ്പോഴും ജെസിയോട് അടുത്ത ആറു മാസം കൂടി അവധി ചോദിക്കും. അപ്പോഴൊക്കെ ജെസി യേസ് മൂളി. ഒരിക്കലും മുഖം കറുക്കുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല.
നിരന്തരമായി ഓഡിഷനുകള്‍ നടന്നു. ആരും സിലക്ട് ചെയ്തില്ല. നിന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്നും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോലും യോഗ്യതയില്ലെന്നും പറഞ്ഞവര്‍ ഏറെ. അതുകേട്ടിട്ടും വിജയ് തളര്‍ന്നില്ല. നമ്മുടെ ജീവിതം കൊണ്ട് എന്താവണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്ന് ഉറച്ച് വിശ്വസിച്ചു.
ചാന്‍സ് ചോദിച്ചു നടന്ന കൂട്ടത്തില്‍ സംവിധായകന്‍ ബാലുമഹേന്ദ്രയുടെ വീട്ടിലും എത്തി. അദ്ദേഹം സ്റ്റുഡിയോയിൽ കൊണ്ടു പോയി കുറെ ഫോട്ടോസ് എടുത്തു.
കണ്ണും ലുക്കും നല്ലതാണെന്നും അടുത്ത ദിവസം വന്ന് ഫോട്ടോസ് വാങ്ങിക്കൊളളാനും പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.
‘ഫോട്ടോസിന്റെ ഒരു കോപ്പി ഞാന്‍ സൂക്ഷിക്കും. ചാന്‍സ് വരുമ്പോള്‍ വിളിക്കാം.’ അത് വിജയ്‌യുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കമലഹാസന്റെ മൂന്നാംപിറ ഉള്‍പ്പെടെ ചരിത്രം സൃഷ്ടിച്ച സിനിമകള്‍ ഒരുക്കിയ മഹാരഥനാണ് പറയുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം
വാരികകളില്‍ നിന്നും പ്രമുഖ സംവിധായകരുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. നിരാശയായിരുന്നു ഫലം. ചിലരെ നേരില്‍ കണ്ടു. ആരും വിജയ്‌യെ വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കിയില്ല. ധനുഷിനെ പോലെ ഗ്ലാമര്‍ലെസ് നടന്‍മാര്‍ നായകനായ കാലം. വടിവേലുവും സെന്തിലും കൗണ്ടമണിയും യോഗി ബാബുവുമെല്ലാം അരങ്ങു വാഴുന്ന തമിഴ് ഫിലിം ഇന്‍ഡസ്ട്രിക്ക് കാഴ്ചയില്‍ അത്ര അഭംഗിയൊന്നുമില്ലാത്ത വിജയ് സേതുപതിയെ എന്തുകൊണ്ടോ ബോധിച്ചില്ല.
ആ സമയത്ത് ചില പടങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരം ലഭിച്ചു. പല പടങ്ങളിലും വിജയ്‌യുടെ കഥാപാത്രങ്ങള്‍ക്ക് പേരില്ലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് ഏറെയും അഭിനയിച്ചത്. ഫംങ്ഷനുകളിലും മറ്റും സദസില്‍ ഇരുന്ന് കയ്യടിക്കുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാളായി.
അപ്പോഴൊന്നും നിരാശയല്ല സന്തോഷമാണ് തോന്നിയതെന്ന് പിന്നീട് വിജയ് തുറന്ന് പറഞ്ഞു. കാരണം എല്ലാവരും എഴുതി തളളിയ ഒരിടത്തു നിന്നും ഒരു മൂവി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ യോഗ്യനാണെന്ന് ദൈവം ബോധ്യപ്പെടുത്തി തന്നല്ലോ? മിന്നിമറയുന്ന വേഷം ചെയ്തതിന് ആദ്യം ലഭിച്ച പ്രതിഫലം 250 രൂപയായിരുന്നു. എം.കുമരന്‍ പോലുളള സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തു. പിന്നീട് അത്തരം വേഷങ്ങളും കിട്ടാതായി.
പലരും റോളുണ്ടെന്ന് പറഞ്ഞു വിളിക്കും. ബസുകള്‍ മാറി മാറി കയറി വളരെ കഷ്ടപ്പെട്ട് അവിടെയെത്തുമ്പോഴേക്ക് ആ റോള്‍ മറ്റൊരാള്‍ക്ക് കൊടുത്തു എന്ന് പറഞ്ഞ് വിടും. പരാതികളും പരിഭവങ്ങളുമില്ലാതെ തിരിച്ചു വീട്ടിലേക്ക് ബസ് കയറും.
നാന്‍ മഹാൻ അല്ലൈ പോലുളള പടങ്ങളിലും മുഖം കാണിച്ചു. പക്ഷെ ഒന്നും വഴിത്തിരിവായില്ല. സുഹൃത്തുക്കള്‍ അടക്കം പലരും പരിഹസിച്ചു. എന്നിട്ടും
തളര്‍ന്നില്ല. ഓരോ തവണ തോല്‍ക്കുമ്പോഴും എന്നെങ്കിലും ജയിക്കാന്‍ കഴിയുമെന്ന് മനസ്സ് പറഞ്ഞു. സിനിമയില്‍ ശ്രദ്ധേയമായ രംഗങ്ങള്‍ ലഭിക്കുക പ്രയാസമാണെന്ന് ബോധ്യമായപ്പോള്‍ സീരിയലുകളില്‍ ശ്രമിച്ചു. 2006ല്‍ പെണ്ണ് എന്ന സീരിയലില്‍ ചാന്‍സ് ലഭിച്ചു.
ഷോര്‍ട്ട് ഫിലിമിലും ഒരു കൈ
ഇന്നത്തെ പ്രമുഖ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുന്ന കാലം. അദ്ദേഹത്തിന്റെ ഒരു ഷോര്‍ട്ട് ഫിലിമില്‍ അവസരം കിട്ടി. 1500 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച പ്രതിഫലം. കാര്‍ത്തിക്കിന് വിജയ്‌യുടെ പ്രകടനം വല്ലാതെ ഇഷ്ടപ്പെട്ടു. ഡബ്ബിങ്ങിന് ചെന്നപ്പോള്‍ നിങ്ങളൂടെ അധ്വാനത്തിന് 1500 രുപ പോരാ എന്ന് പറഞ്ഞ് 1000 രൂപ കൂടി അധികം നല്‍കി. പണത്തേക്കാള്‍ വിജയ് യുടെ ആത്മവിശ്വാസം ഹിമാലയത്തോളം ഉയര്‍ത്തിയ സന്ദര്‍ഭമായിരുന്നു അത്. അന്ന് ലഭിച്ച 2500 രൂപയ്ക്ക് വിജയ് കോടികളുടെ മൂല്യമാണ് കല്‍പ്പിച്ചത്. കാരണം കാര്‍ത്തിക്കിനെ പോലെ പ്രതിഭാശാലിയായ ഒരാള്‍ക്ക് തന്നിലുണ്ടായ മതിപ്പും വിശ്വാസവും തനിക്കും ഒരുനാള്‍ സിനിമയില്‍ എന്തെങ്കിലുമാകാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലേക്ക് നയിച്ചു.
വീണ്ടും ചെറുവേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമയില്‍ നില്‍ക്കാന്‍ ശ്രമിച്ചു. ആ സമയത്താണ് ധനുഷിന്റെ ‘പുതുപ്പേട്ട’ എന്ന പടത്തിലേക്ക് ഓഡിഷനു പോകുന്നത്. അതില്‍ ധനുഷിന്റെ കൂട്ടുകാരന്റെ വേഷം ലഭിച്ചു. അവിടെ നിന്നുളള പിന്തുണ വലുതായിരുന്നു. സുന്ദരപാണ്ഡ്യന്‍ എന്ന സിനിമയില്‍ വില്ലനായി സേതുപതി. ഇത് മിസ് കാസ്റ്റിംഗാണെന്ന് പലരും സംവിധായകനെ കുറ്റപ്പെടുത്തി. വിമര്‍ശകരുടെ നാവടപ്പിച്ചു കൊണ്ട് അക്കൊല്ലത്തെ മികച്ച വില്ലനുളള സംസ്ഥാന പുരസ്‌കാരം സേതുപതി സ്വന്തമാക്കി. പിന്നീട് സീനു രാമസ്വാമിയുടെ തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന പടത്തില്‍ വിജയ് ആദ്യമായി നായക വേഷത്തിലെത്തി.
സിനിമ പുറത്തിറങ്ങിയിട്ടും ഭാഗ്യദേവത കനിഞ്ഞില്ല. വീണ്ടും അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നത് രണ്ടു വര്‍ഷമാണ്.
കുറഞ്ഞ മുതല്‍മുടക്കില്‍ കാര്‍ത്തിക് സുബരാജ് ഒരുക്കിയ പിസ എന്ന ഹൊറര്‍ ചിത്രത്തില്‍ (2012) വിജയ് സേതുപതിയെ നായകനാക്കി. മലയാളിയായ രമ്യ നമ്പീശനായിരുന്നു നായിക. 1.5 കോടിയില്‍ പൂര്‍ത്തിയായ സിനിമ 8 കോടിയില്‍ അധികം കലക്ട് ചെയ്തു. നടന്‍ എന്ന നിലയില്‍ വിജയ് സേതൂപതിയുടെ പ്രകടനത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ‘വിജയ് സേതുപതി ഒരു ക്രിസ്റ്റല്‍ ബൗളാണ്. അതില്‍ എന്തു വച്ചാലും സുന്ദരമായിരിക്കും’ എന്നായിരുന്നു തന്റെ നായകനടനെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജിന്റെ കമന്റ്.
മഹാനടികര്‍ എന്ന് രജനീകാന്ത്
പേട്ട എന്ന സിനിമയില്‍ സാക്ഷാല്‍ രജനീകാന്തിനോട് നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന വില്ലനായി മാറി വിജയ് സേതുപതി. ആ സിനിമയുടെ വിജയാഘോഷച്ചടങ്ങില്‍ വച്ച് രജനി സ്‌റ്റേജിലേക്ക് വിജയ്‌യെ വിളിച്ചു വരുത്തി അഭിനന്ദിച്ചത് തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. വിജയ് സേതുപതി എന്ന മഹാനടനിലേക്കുളള വളര്‍ച്ചയുടെ ആദ്യപടവുകളിലൊന്നായിരുന്നു അത്. ഇതേക്കുറിച്ച് സേതുപതി പറഞ്ഞ കമന്റാണ് ശ്രദ്ധേയം. ‘അന്ന് സ്‌റ്റേജില്‍ വച്ച് രജനി സര്‍ എന്നെ മഹാനടികര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു.’ എന്നാല്‍ രജനിയുടെ വാക്കുകള്‍ സത്യമായി.
റഫ് ലുക്കുളള വിജയ് മൃദുഭാവങ്ങള്‍ ആവശ്യമായ സിനിമകളില്‍ ശോഭിക്കുമോ എന്ന സംശയത്തിനും തന്റെ അഭിനയശേഷി കൊണ്ടു മറുപടി കൊടുത്തു അദ്ദേഹം. തൃഷ നായികയായ 96 എന്ന സിനിമയിലെ റൊമാന്റിക് ഹീറോയെ എത്ര ഭംഗിയായും അനായാസവുമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ഏത് ജോണറിലുളള സിനിമകള്‍ ചെയ്യാനും എത്ര വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്ന അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ എന്നതാണ് ഇന്ന് സേതുപതിക്കുളള വിശേഷണം.
രജനീകാന്തും വിജയ്‌യും അജിത്തുമെല്ലാം തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍സാണ്. ഇതെല്ലാം കേവലം താരമൂല്യം കൊണ്ടുളള തിളക്കം മാത്രം. സ്‌റ്റൈലൈസ്ഡ് ആക്ടിങ്ങിലൂടെ മാസ് ഓഡിയന്‍സിനെ കയ്യിലെടുത്ത് മികച്ച ഇനീഷ്യല്‍ കലക്ഷനും വേള്‍ഡ് വൈഡ് കലക്ഷനുമെല്ലാം സ്വന്തമാക്കാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍ അതിനപ്പുറം കമലഹാസനെ പോലെ, ഉള്ളിലെ നടന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന അത്യപൂര്‍വം അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കാന്‍ ശേഷിയുളള അസാമാന്യ പ്രതിഭയാണ് വിജയ് സേതുപതി.
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി
ആദ്യമായി നായകനാക്കിയ സീനു രാമസ്വാമിയുടെ ഒരു പടത്തില്‍ അഭിനയിക്കുന്ന സമയം. എല്ലാവരും എത്തുന്നതിന് ഏറെ മുന്‍പേ വിജയ് ലൊക്കേഷനിലെത്തി. ഡയറക്ടര്‍ സീനു രാമസ്വാമി വരുമ്പോള്‍ കുറച്ച് മഞ്ഞള്‍ ചോറും കഴിച്ചു കൊണ്ടിരിക്കുകയാണ് വിജയ്. അതിന്റെ കാരണം തിരക്കിയപ്പോള്‍ അടുത്തുളള തേയിലത്തോട്ടത്തിലെ പാവം തൊഴിലാളികള്‍ ഉണ്ടാക്കിയതാണ് ഇതെന്നും അതിന്റെ മണം കേട്ട് ഇഷ്ടപ്പെട്ട് തനിക്കും കുറച്ച് തരാമോയെന്ന് വിജയ് ചോദിച്ചപ്പോള്‍ അവര്‍ സ്‌നേഹപൂര്‍വം വിളമ്പിയതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സീനു നോക്കുമ്പോള്‍ കുട്ടികളെ പോലെ നിഷ്‌കളങ്കമായി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ് തന്റെ സിനിമയിലെ ഹീറോ.
തൊഴിലാളികള്‍ ചിലര്‍ സ്‌നേഹത്തോടെ അദ്ദേഹത്തിന്റെ തലയില്‍ തടവുന്നുണ്ട്. അന്ന് സീനു വിജയ്ക്ക് ‘മക്കള്‍ സെല്‍വന്‍’ എന്ന പേര് നല്‍കി. അതുവേണ്ടെന്നും തന്നെ അങ്ങനെയൊന്നും വിശേഷിപ്പിക്കരുതെന്നും ഒരുപാട് തവണ വിജയ് പറഞ്ഞെങ്കിലും സീനു അത് ചെവിക്കൊണ്ടില്ല. തലൈ അജിത്ത്, ചിന്ന ദളപതി വിജയ്, സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്, ഉലകനായകന്‍ കമലഹാസന്‍, എന്നിവരുടെ തലത്തിലേക്ക് കാലം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് അഭിനയമികവിന്റെ മാത്രം പിന്‍ബലത്തിലായിരുന്നു.
പ്രചോദനാത്മകം ഈ ജീവിതം
പ്രായോഗിക ബുദ്ധിയാണ് സേതുപതിയുടെ മറ്റൊരു വിജയരഹസ്യം. എഴുപതുകളോട് അടുക്കുന്ന നടന്‍മാര്‍ പോലും വിഗും വച്ച്, മീശ കറുപ്പിച്ച് കൗമാരക്കാരികളായ നായികമാര്‍ക്കൊപ്പം ഡ്യൂയറ്റ് പാടിയേ അഭിനയിക്കൂ എന്ന് വാശി പിടിക്കുമ്പോള്‍, 46കാരനായ വിജയ്ക്ക് അത്തരം ശാഠ്യങ്ങളൊന്നുമില്ല. തന്റെ ഇമേജ് എന്നൊരു സംഗതിയില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. സര്‍വഗുണ സമ്പന്നനായ നായകനാവണമെന്ന വാശിയില്ല. സൂപ്പര്‍ ഹീറോയായി കത്തിനില്‍ക്കുമ്പോഴും മറ്റ് നായകന്‍മാരുടെ പടങ്ങളില്‍ വില്ലനായി പ്രത്യക്ഷപ്പെടാന്‍ മടിയില്ല. ചെറുപ്പം വിടാത്ത വിജയ് തലയും താടിയും നരപ്പിച്ച് വൃദ്ധ വേഷങ്ങളില്‍ അഭിനയിക്കുന്നു. കഥാപാത്രത്തിന്റെ ആഴമാണ് എന്നും അദ്ദേഹത്തെ മോഹിപ്പിക്കുന്നത്.
അവസരങ്ങള്‍ അന്വേഷിച്ച് അലഞ്ഞു നടന്ന ഗതികെട്ട കാലത്ത് ഇനിയും സിനിമയ്ക്ക് പിന്നാലെ നടന്നാല്‍ നീ പട്ടിണിയായി പോകുമെന്ന് ഉപദേശിച്ച നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ വിജയ്ക്ക് ആകെ ആശ്വാസമായത് ഭാര്യ ജെസിയുടെ പിന്തുണയായിരുന്നു. ഹോട്ടലില്‍ വെയിറ്ററായും പിസാ ഹട്ടില്‍ ഡെലിവറി ബോയ് ആയും ജോലി ചെയ്ത് തത്കാലം പിടിച്ചു നിന്ന വിജയ് ആവേശം അണയാതെ അഭിനയം എന്ന തന്റെ സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ചു. സാധാരണ ഗതിയില്‍ ആരും മടുത്തു പിന്‍വാങ്ങുകയോ തളര്‍ന്നു വീഴുകയോ ചെയ്യാവുന്ന സന്ദര്‍ഭത്തിലും അദ്ദേഹം അവനവനില്‍ വിശ്വസിച്ചു. തന്റെ നാളുകള്‍ വരുമെന്ന് സ്വയം ബോധ്യപ്പെടുത്തി. ആ ഉറപ്പിന് കാലം കാത്തു വച്ച നീതിയാണ് 2017ലെ മികച്ച സഹനടനുളള ദേശീയ ചലച്ചിത്ര അവാര്‍ഡും രണ്ട് തവണ മികച്ച നടനുളള തമിഴ്‌നാട് സ്‌റ്റേറ്റ് അവാര്‍ഡും.
സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയിലെ ട്രാന്‍സ്ജെൻഡർ വേഷം വിജയ് സേതുപതിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. പരുക്കന്‍ രൂപഭാവങ്ങളുളള അദ്ദേഹത്തിന് സ്‌ത്രൈണാംശം നിറഞ്ഞ കഥാപാത്രം എങ്ങനെ വഴങ്ങും എന്ന ആശങ്കകള്‍ അദ്ദേഹം കാറ്റില്‍ പറത്തി. എന്നും അപ്രതീക്ഷിതമായ അദ്ഭുതങ്ങള്‍ പ്രേക്ഷകര്‍ക്കായി കാത്തു വച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം.
നായകനായി കഴിഞ്ഞാല്‍ വില്ലനായി അഭിനയിക്കാന്‍ മടിക്കുന്നവര്‍ക്കിടയിലും അദ്ദേഹം വ്യത്യസ്തനായി. രജനികാന്തിന്റെയൂം വിജയുടെയും ഷാരൂഖ് ഖാന്റെയും കമലഹാസന്റെയും എല്ലാം സിനിമകളില്‍ ഭാവാഭിനയ മികവു കൊണ്ട് നായകനെ കടത്തി വെട്ടുന്ന ഉശിരന്‍ വില്ലനായി കസറി. മലയാളത്തില്‍ നിത്യാ മേനോനൊപ്പം 19 (1)(എ) എന്ന ഒ..ടി.ടി സിനിമയില്‍ നായകനായി എത്തിയെങ്കിലും യശസ്സ് ഉയര്‍ത്തിയില്ല. എന്നാല്‍ തമിഴില്‍ വണിജ്യസിനിമകളിലും മധ്യവര്‍ത്തി സിനിമകളിലും ശോഭിച്ച വിജയ് ഒരേ സമയം മികച്ച നടനും താരവുമായി. ഒരിക്കല്‍ തന്നെ അപമാനിക്കുകയും ഒഴിവാക്കുകയും ചെയ്ത സംവിധായകരുടെ കയ്യില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങി നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും എളിമയോടെ ഇന്നും വിജയ് പറയും, ‘നിങ്ങളൂടെ ഔദാര്യമാണ് എന്റെ ജീവിതം. സാധാരണക്കാരനില്‍ സാധാരണക്കാരനായ എന്നെ ഇതുവരെ എത്തിച്ചത് തമിഴ് മക്കളാണ്!’
എന്നും മനുഷ്യപക്ഷത്ത്
എന്നും ചെറിയ സ്വപ്നങ്ങളേ വിജയ്ക്ക് ഉണ്ടായിരുന്നുളളു. ആരുടെയും മുന്നില്‍ കൈനീട്ടാതെ ജീവിക്കണം. കൃത്യമായി വാടക അടയ്ക്കണം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറെങ്കിലും വാങ്ങണം. കഴിയുമെങ്കില്‍ സ്വന്തമായി ഒരു വീട് കെട്ടണം. ദൈവങ്ങളില്‍ വിജയ് വിശ്വസിക്കുന്നില്ല. വിശക്കുമ്പോള്‍ അന്നം തന്നവനെ അദ്ദേഹം ദൈവം എന്ന് വിളിക്കും. ഒന്നുമല്ലാതിരുന്ന കാലത്ത് ഹ്രസ്വചിത്രത്തിലേക്ക് വിളിച്ച് 2500 രുപ പ്രതിഫലം നല്‍കിയ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി നായകവേഷത്തിലെത്തിച്ച സീനു രാമസ്വാമിയെയും പോലെ മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരാണ് സേതുപതിയുടെ ദൈവങ്ങള്‍.
കോവിഡ് സമയത്ത് ജുനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പട്ടിണി മാറ്റാനായി തന്റെ വരുമാനത്തില്‍ നിന്നും ഒരു പങ്ക് അവര്‍ക്കായി നീക്കി വച്ച വിജയ് തമിഴ് സിനിമാ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യന്‍ എംപ്ലോയീസ് ഫെഡറേഷന് ഒരു കോടി രൂപയാണ് നല്‍കിയത്. തന്റെ സിനിമയില്‍ ചെറുവേഷത്തിലെത്തിയ ലോകേഷ് ബാബു എന്ന യുവാവ് പക്ഷാഘാതം പിടിപെട്ട് ശരീരം തളര്‍ന്നു കിടപ്പിലായപ്പോള്‍ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത വിജയ് പുറത്ത് അറിഞ്ഞും അറിയാതെയും ഒരുപാട് പേരുടെ സങ്കടങ്ങളില്‍ തുണയാവുന്നു. ആ മാനുഷികതയാണ് അദ്ദേഹത്തിന്റെ ഈശ്വരാര്‍ച്ചന.
”നാമെല്ലാം മനുഷ്യര്‍…മാനവരാശിയുടെ സ്‌നേഹവും കരുതലും കൊണ്ട് മെനഞ്ഞെടുത്തതാണ് ഈ ലോകം,” എന്ന് അദ്ദേഹം ഇടക്കിടെ ആവര്‍ത്തിക്കും. വലിയ താരമായിട്ടും അടിസ്ഥാനപരമായി ഒരു മാറ്റവും വന്നിട്ടില്ല. ആദ്യമായി സ്‌റ്റേജില്‍ കയറുമ്പോള്‍ വിക്കി വിയര്‍ത്ത, മറ്റുളളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ വിറച്ചിരുന്ന, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നാണിച്ച, ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കെ അന്നം നിഷേധിക്കപ്പെട്ട് കരഞ്ഞു കൊണ്ടിറങ്ങി പോയിടത്തു നിന്ന് ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത പ്രതിഭാസമായി വളര്‍ന്നിരിക്കുന്നു ഈ മനുഷ്യന്‍. കറുത്ത നിറവും കുറഞ്ഞ ഉയരവൂം സുന്ദരമല്ലാത്ത മുഖവും ഇച്ഛാശക്തിക്ക് മുന്നില്‍ തടസങ്ങളല്ലെന്ന് അദ്ദേഹം തെളിയിച്ചു. ആത്മവിശ്വാസവും അത്യധ്വാനവും കൊണ്ട് ഏതു സാഹചര്യത്തില്‍ നിന്നും ഉയരങ്ങളിലെത്താം എന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണങ്ങളിലൊന്നായി മാറുന്നു വിജയ് സേതുപതിയുടെ ജീവിതം.
Source link