കൊച്ചി: മോഹങ്ങൾ ബാക്കിവച്ച് 23 മലയാളികൾ ചേതനയറ്റ് ജന്മനാട്ടിലെത്തി. അവരിൽ 12 പേരെ കേരളക്കര നിറകണ്ണുകളോടെ യാത്രയാക്കി. പ്രിയപ്പെട്ടവർക്ക് നിത്യശാന്തി നേർന്നുകൊണ്ട്…
കുവൈറ്റ് തീപിടിത്തത്തിൽ പിടഞ്ഞുവീണ 45 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ എയർഫോഴ്സ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ചത്. അവരിൽ 23 മലയാളികളുൾപ്പെടെ 31പേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 14 പേരുടെ മൃതദേഹങ്ങൾ ഹെൽത്ത് ക്ളിയറൻസ് പൂർത്തിയാക്കി ഡൽഹിക്ക് കൊണ്ടുപോയി.
എയർഫോഴ്സ് വിമാനം കാത്തുനിൽക്കെ നീറുന്ന മൗനത്തിലായിരുന്നു നെടുമ്പാശേരി വിമാനത്താവളം. ഉറ്റവരുടെ ദേഹം സ്വീകരിക്കാനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ രാഷ്ട്രീയ നേതാക്കളുൾപ്പെടെ കുഴങ്ങി.
രാവിലെ 10.29നാണ് വിമാനം ലാൻഡ് ചെയ്തത്. 31 പേരുടെ പേടകങ്ങൾ 11.40ന് ഒന്നൊന്നായി പുറത്തെത്തിച്ചു. ഡൊമസ്റ്റിക് കാർഗോ ടെർമിനലിലായിരുന്നു പൊതുദർശനം. തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് മറ്റുള്ളവർക്കും റീത്തുകൾ സമർപ്പിച്ചു. ഗാർഡ് ഒഫ് ഓണറും നൽകി.
കേന്ദ്ര സഹമന്ത്രിമാരായ കീർത്തിവർദ്ധൻ സിംഗ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംസ്ഥാനമന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
23 ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയത്. എല്ലാ ആംബുലൻസിനും പൊലീസിന്റെ പൈലറ്റ് വാഹനവും അകമ്പടി പോയി. വിവിധ ജില്ലകളിലുള്ള 12 പേരുടെ സംസ്കാരമാണ് ഇന്നലെ നടന്നത്. 11 പേരുടെ സംസ്കാരം ഇന്നും നാളെയും തിങ്കളുമായി നടക്കും.
തമിഴ്‌നാട് സ്വദേശികളായ ഏഴു പേരുടെ മൃതദേഹങ്ങൾ സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി കെ.സെൻജി മസ്താൻ ഏറ്റുവാങ്ങി. ഉദ്യോഗസ്ഥ പ്രതിനിധികൾ ഏറ്റുവാങ്ങിയ കർണാടക സ്വദേശിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട് ആംബുലൻസിന് സംസ്ഥാന അതിർത്തിവരെ പൊലീസ് അകമ്പടി നൽകി.
സംസ്കാരം നടന്നത്
തിരുവനന്തപുരം: നെടുമങ്ങാട് കുര്യാത്തി സ്വദേശി അരുൺ ബാബു, ഇടവ സ്വദേശി ശ്രീജേഷ്
മലപ്പുറം: തിരൂർ സ്വദേശി നൂഹ്, പുലാമന്തോൾ സ്വദേശി ബാഹുലേയൻ
തൃശൂർ: ചാവക്കാട് പാലയൂർ ബിനോയ് തോമസ്
പത്തനംതിട്ട: വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ
കൊല്ലം: കടവൂർ മതിലിൽ സുമേഷ് സി. പിള്ള, ശൂരനാട് സ്വദേശി ഷമീർ
കാസർകോട്: ചെർക്കള കുണ്ടടുക്കയിൽ രഞ്ജിത്ത്, തൃക്കരിപ്പൂർ എളമ്പച്ചിയിൽ പി.കുഞ്ഞിക്കേളു
കണ്ണൂർ: ചെറുപുഴ സ്വദേശി നിധിൻ, ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ
സംസ്കരിക്കാനുള്ളത്
പത്തനംതിട്ട: കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്റെയും മല്ലപ്പള്ളി സ്വദേശി സിബി ടി. എബ്രഹാമിന്റെയും നിരണം സ്വദേശി മാത്യുജോർജിന്റെ സംസ്കാരം 17ന്. പന്തളം സ്വദേശി ആകാശ് ശശിധരന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. തിരുവല്ല സ്വദേശി തോമസ് പി. ഉമ്മന്റെ സംസ്കാരം നാളെ.
കോട്ടയം: പാമ്പാടി ഇടിമാരിയിൽ സ്റ്റെഫിൻ ഏബ്രഹാമിന്റെ സംസ്‌കാരം 17 ന് വൈകിട്ട് 4 ന്. ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരിയുടെയും പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെയും സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്.
കൊല്ലം: ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ വി.ഒ. ലൂക്കോസിന്റെ സംസ്കാരം ഇന്ന് രാവിലെ. പുനലൂർ നരിക്കൽ സാജൻ ജോജ്ജിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. മുംബയിൽ താമസിക്കുന്ന കരുനാഗപ്പള്ളി വടക്കേത്തറയിൽ ഡെന്നി ബേബിയുടെ മൃതദേഹം മുംബയിലെ വസതിയിൽ എത്തിച്ചു.
ഫൊക്കാന, ജെ.കെ.മേനോൻ രണ്ടു ലക്ഷം വീതം നൽകും
കുവൈറ്റ് ദുരന്തത്തിനിരയായവർക്ക് ലോക കേരളസഭയിൽ സഹായ വാഗ്ദാനം. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം നൽകുമെന്ന് അമേരിക്കൻ മലയാളി സംഘടന ഫൊക്കാനയുടെ പ്രതിനിധി ബാബു സ്റ്റീഫൻ അറിയിച്ചു. രണ്ടുലക്ഷം വീതം നൽകുമെന്ന് എ.ബി.എൻ ഗ്രൂപ്പ് ചെയർമാനും നോർക്ക ഡയറക്ടറുമായ ജെ.കെ. മേനോനും പറഞ്ഞു.
Source link