വിദ്യാർത്ഥികളിൽ ദിശാബോധം പകർന്ന് കേരളകൗമുദി – സഫയർ എഡ്യൂവിസ്ത
ചിറയിൻകീഴ്: താത്പര്യം കണ്ടെത്തി തുടർ വിദ്യാഭ്യാസത്തിന് വഴികാട്ടിയാകാൻ ആറ്റിങ്ങലിൽ സംഘടിപ്പിച്ച കേരളകൗമുദി – സഫയർ വിദ്യാഭ്യാസ സെമിനാർ ‘എഡ്യൂവിസ്ത -2024’ വിദ്യാർത്ഥികൾക്ക് പുതു അനുഭവമായി. പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പരിശീലന ക്ലാസുകൾക്ക് പുറമേ, വിദ്യാർത്ഥികളുടെ അഭിരുചി വിലയിരുത്തുന്നതിനുള്ള സൈക്കോമെട്രിക് ടെസ്റ്റും ശ്രദ്ധേയമായി.
ആറ്റിങ്ങൽ മദർ ഇന്ത്യ ഇന്റർനാഷണൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ 9 മുതൽ 12 ക്ലാസ് വരെയുള്ള മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ചെയർമാൻ എസ്. മണികണ്ഠൻ ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വിഭാഗം മുൻ മേധാവിയും മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ.കെ.പി ജയ് കിരൺ, സഫയർ അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ.ഹരി നാഗരാജ് എന്നിവർ ക്ലാസ് നയിച്ചു. ഗവ.വിമൻസ് കോളേജിലെ സൈക്കോളജി വിഭാഗം ഗവേഷകരായ ക്രിസ്റ്റീന മറിയം ചാക്കോ, ആദിത്യ ആർ.കൃഷ്ണ എന്നിവർ സൈക്കോമെട്രിക് ടെസ്റ്റിന് നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ ലിജി ജോഷ്വാ, വൈസ് പ്രിൻസിപ്പൽ രശ്മി രമേഷ്, പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർമാരായ പ്രകാശ്.എസ്, രജ്ഞിത്ത്, കേരളകൗമുദി ലേഖകൻ ജിജു പെരുങ്ങുഴി തുടങ്ങിയവർ പങ്കെടുത്തു. കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് നന്ദി പറഞ്ഞു.പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കേരളകൗമുദിയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Source link