എട്ടിലേക്ക് അഫ്ഗാൻ വന്പ്

ട്രിനിഡാഡ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് സിയിൽനിന്ന് വെസ്റ്റ് ഇൻഡീസിനു പിന്നാലെ അഫ്ഗാനിസ്ഥാനും സൂപ്പർ എട്ടിൽ. ഗ്രൂപ്പിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പാപ്പുവ ന്യൂ ഗ്വിനിയയെ ഏഴ് വിക്കറ്റിനു കീഴടക്കി. 29 പന്ത് ബാക്കിവച്ചായിരുന്നു അഫ്ഗാന്റെ ജയം. ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയമാണ്. സ്കോർ: പാപ്പുവ ന്യൂ ഗ്വിനിയ 95 (19.5). അഫ്ഗാനിസ്ഥാൻ 101/3 (15.1). ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. കിപ്ലിൻ ഡോറിഗയാണ് (32 പന്തിൽ 26) ഗ്വിനിയൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഫ്ഗാനുവേണ്ടി ഫസർഹഖ് ഫറൂക്കി മൂന്നും നവീണ്‍ ഉൾ ഹഖ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടിയിൽ ഗുൽബാദിൻ നബി (36 പന്തിൽ 49 നോട്ടൗട്ട്), മുഹമ്മദ് നബി (23 പന്തിൽ 16 നോട്ടൗട്ട്) എന്നിവർ അഫ്ഗാനിസ്ഥാനുവേണ്ടി തിളങ്ങി. ഫസൽഹഖ് ഫറൂക്കിയാണ് (3/16) പ്ലെയർ ഓഫ് ദ മാച്ച്. ►റണ്‍റേറ്റ് +4◄ ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ അഫ്ഗാനിസ്ഥാനാണ് ഏറ്റവും കൂടുതൽ റണ്‍ റേറ്റ് എന്നതാണ് ശ്രദ്ധേയം. +4.230 ആണ് അഫ്ഗാന്റെ റണ്‍ റേറ്റ്. ഓസ്ട്രേലിയ (+3.580), ഇംഗ്ലണ്ട് (+3.081), വെസ്റ്റ് ഇൻഡീസ് (+2.596), സ്കോട്ലൻഡ് (+2.164), ഇന്ത്യ (+1.137) എന്നീ ടീമുകളാണ് നെറ്റ് റണ്‍ റേറ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ഇതിൽ ഇംഗ്ലണ്ട്, സ്കോട്ലൻഡ് ടീമുകൾ സൂപ്പർ എട്ട് സ്ഥാനം ഇതുവരെ ഉറപ്പിച്ചിട്ടില്ല.
Source link