റഷ്യൻ ആസ്തി ഉപയോഗിച്ച് യുക്രെയ്ന് സാന്പത്തികസഹായം
റോം: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് റഷ്യയുടെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിച്ചുതന്നെ 5,000 കോടി ഡോളറിന്റെ സാന്പത്തികസഹായം നല്കാനുള്ള പദ്ധതി ജി-7 ഉച്ചകോടി അംഗീകരിച്ചു. 2022 ഫെബ്രുവരിയിൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ റഷ്യയുടെ 32,500 കോടി ഡോളർ വരുന്ന ആസ്തികൾ ജി-7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും മരവിപ്പിച്ചിരുന്നു. ഇതിൽനിന്നു വർഷം 300 കോടി ഡോളർ പലിശ ലഭിക്കുന്നുണ്ട്. യുക്രെയ്നു നല്കുന്ന 5000 കോടി ഡോളർ വായ്പയുടെ പലിശ അടയ്ക്കാനായി ഈ തുക വിനിയോഗിക്കുന്ന പദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം യുഎസും യുക്രെയ്നും തമ്മിൽ പത്തുവർഷത്തെ സുരക്ഷാ ധാരണയ്ക്കുള്ള കരാറും യാഥാർഥ്യമായി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമാണ് ഇതിൽ ഒപ്പുവച്ചത്. ഇതു പ്രകാരം യുക്രെയ്ന് യുഎസിന്റെ സൈനികസഹായവും പരിശീലനവും ലഭിക്കും. എന്നാൽ, യുഎസ് സൈനികർ യുക്രെയ്നിൽ കാലുകുത്തില്ല. യുക്രെയ്നുള്ള പിന്തുണയിൽ പാശ്ചാത്യശക്തികൾ പിന്നോട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഓർമിപ്പിക്കുന്ന നടപടികളാണിതെന്നു ബൈഡൻ പറഞ്ഞു. ജയിക്കുന്നതുവരെ യുക്രെയ്നൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, റഷ്യൻ ആസ്തികൾ കൊള്ളയടിക്കപ്പെട്ടുവെന്നും ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും പുടിൻ പ്രതികരിച്ചു.
Source link