ഫ്ളോറിഡ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിൽ. ദുർബലരായ കാനഡയാണ് ഇന്ത്യയുടെ എതിരാളി. ഇതിനോടകം സൂപ്പർ എട്ട് സ്ഥാനം ഇന്ത്യ ഉറപ്പാക്കിയതാണ്. ഗ്രൂപ്പിൽ സന്പൂർണ ജയമാണ് രോഹിത് ശർമയും സംഘവും പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയം നേടാൻ സാധിച്ചെങ്കിലും ബാറ്റിംഗ് ടീം ഇന്ത്യക്ക് ആശങ്കാജനകമാണ്. ഓപ്പണർ വിരാട് കോഹ്ലിക്ക് മൂന്ന് മത്സരത്തിലും രണ്ടക്കം കാണാൻ സാധിച്ചില്ല. ◄ഓപ്പണിംഗ്, മഴ പ്രശ്നം► രോഹിത് ശർമ-വിരാട് കോഹ്ലി ഓപ്പണിംഗ് ഇതുവരെ ക്ലിക്കായിട്ടില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം സൂപ്പർ എട്ടിലേക്ക് ഇതേ രീതിയിൽ ചെന്നാൽ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽനിന്ന് വഴുതും. ബാറ്റിംഗ് ദുഷ്കരമായ നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മത്സരങ്ങൾ. എന്നാൽ, ഇന്ന് കാനഡയ്ക്കെതിരായ മത്സരം ഫ്ളോറിഡയിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ മാറ്റംവരുത്താത്ത രോഹിത്, ഇന്നും നിലവിലെ ടീമിനെ നിലനിർത്താനാണ് സാധ്യത. സഞ്ജു സാംസണ്, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ഇന്നും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചേക്കില്ല. ഫ്ളോറിഡയിൽ പ്രതികൂല കാലാവസ്ഥയാണ് പ്രധാന പ്രശ്നം. മഴയെത്തുടർന്ന് ശ്രീലങ്കയുടെ മത്സരം ഉപേക്ഷിച്ചിരുന്നു. ◄സൂപ്പർ 8 ► സൂപ്പർ എട്ടിൽ ഇന്ത്യക്കൊപ്പം പൂൾ എയിൽ കളിക്കുന്ന ടീമുകൾ ഏതെല്ലാമെന്ന് ഏകദേശം വ്യക്തമായി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ എട്ടിൽ ഇടംനേടുന്നത്. രണ്ട് പൂളായി തിരിച്ചാണ് സൂപ്പർ എട്ട് പോരാട്ടം. പൂളുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. സീഡ് അനുസരിച്ചാണ് ഗ്രൂപ്പുകളിൽ നിന്ന് സൂപ്പർ എട്ടിലേക്ക് ടീമുകൾ മുന്നേറുന്നത്. എ1, ബി2, സി1, ഡി2 എന്നിങ്ങനെയാണ് സീഡ് അനുസരിച്ച് സൂപ്പർ എട്ട് പൂൾ എയിൽ ടീമുകൾ എത്തുക. അതായത് ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾ പൂൾ എയിൽ എത്തി. ഗ്രൂപ്പ് ബിയിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടായിരുന്നു ഒന്നാം സീഡുകാർ. എന്നാൽ, ഇംഗ്ലണ്ടിന്റെ സൂപ്പർ എട്ട് സ്ഥാനം ഇതുവരെ ഉറപ്പായിട്ടില്ല. അതേസമയം, രണ്ടാം സീഡുകാരായ ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിൽനിന്ന് സൂപ്പർ എട്ട് ഉറപ്പാക്കി. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡായിരുന്നു ഒന്നാം സീഡുകാരെങ്കിലും അവർ പുറത്തായി. അതോടെ ആ സ്ഥാനം അഫ്ഗാനിസ്ഥാനു ലഭിച്ചു. കാരണം, ഗ്രൂപ്പിൽ രണ്ടാം സീഡുകാരായിരുന്നു വെസ്റ്റ് ഇൻഡീസ്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സീഡുകാർ ദക്ഷിണാഫ്രിക്കയും രണ്ടാം സീഡ് ശ്രീലങ്കയുമായിരുന്നു. ലങ്ക പുറത്തായി. ഇതോടെ ബംഗ്ലാദേശായിരിക്കും ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ സൂപ്പർ എട്ട് പൂൾ എയിലേക്ക് എത്തുന്ന നാലാം ടീം.
Source link