വത്തിക്കാൻ സിറ്റി: ചിരിയും സന്തോഷവും ജീവിതത്തിന്റെ കേന്ദ്രമാണെന്ന ഓർമപ്പെടുത്തൽ ഹാസ്യതാരങ്ങൾ സൃഷ്ടിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ നൂറിലധികം കൊമേഡിയന്മാർക്കു നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുകയും ഏറ്റവും കൂടുതൽ കൈയടി കിട്ടുകയും ചെയ്യുന്ന കലാകാരന്മാരാണു ഹാസ്യതാരങ്ങൾ. ചിരിപ്പിക്കാനുള്ള കഴിവാണ് അവർ വികസിപ്പിച്ചിട്ടുള്ളത്. വിഷാദത്തിന്റെയും പ്രതിസന്ധിയുടെയും സമയങ്ങളിൽ പ്രസന്നതയും പുഞ്ചിരിയും വിതറാൻ അവർക്കു കഴിയുന്നു. ചിരി പടർത്തുന്ന ഹസ്യകാരന്മാർ ജനങ്ങളെ ഒന്നിപ്പിക്കുന്നു. നല്ല ലോകം സ്വപ്നം കാണാൻ ഹാസ്യ കലാകാരന്മാർ സഹായിക്കണമെന്നും മാർപാപ്പ പറഞ്ഞു. 15 രാജ്യങ്ങളിൽനിന്നായി 107 ഹാസ്യതാരങ്ങളാണു വത്തിക്കാനിൽ ഒത്തുകൂടിയത്. അമേരിക്കൻ ഹാസ്യതാരങ്ങളായ ജിമ്മി ഫാളൻ, ക്രിസ് റോക്ക്, ഇറ്റലിയിലിലെ സിൽവിയോ ഒർലാൻഡോ, ബ്രിട്ടനിലെ സ്റ്റെഫാൻ മർച്ചന്റ് തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു.
Source link