കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അമ്പത് ആയെന്ന് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണെന്നാണ് വിവരം.
അതേസമയം, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അടക്കമുള്ളവർ വിമാനത്തിലുണ്ട്. വിമാനം പത്തരയോടെ നെടുമ്പാശേരി എത്തുമെന്നാണ് പുതിയ വിവരം.
23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹം കൊച്ചിയിലിറക്കും. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഓരോ ആംബുലൻസിനൊപ്പവും ഓരോ പൈലറ്റ് വാഹനവും പോകും.തമിഴ്‌നാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം വർക്കല സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായരുടെ സംസ്‌കാരം ഇന്ന് ഇടവയിൽ നടക്കും. ആലപ്പുഴ പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാരം ഇന്ന് ഉണ്ടാകില്ല. മൃതദേഹം തിരുവല്ലയിൽ മോർച്ചറിയിലേക്ക് മാറ്റും.
Source link