തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുര നട ചോരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പുരാവസ്തു വകുപ്പ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. മൂന്നു നിലകളിലായുള്ള ഗോപുരത്തിന്റെ അടിഭാഗം വരെ മഴയിൽ വെള്ളം വീഴുന്നുണ്ട്. അടിയന്തര നടപടി എടുത്തില്ലെങ്കിൽ ബലക്ഷയമുണ്ടാകാനും സാദ്ധ്യതയുണ്ട്.
അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. ചോർച്ച സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെ ദേവസ്വം മാനേജർ വിവരം അറിയിച്ചിരുന്നു. ഗോപുരത്തിന്റെ നടുവിലെ നില മാത്രമാണ് പുതിയ ഓടുകൾ വിരിച്ചു വൃത്തിയാക്കിയിട്ടുള്ളത്. മുകളിലത്തെ നിലയിൽ ചോർച്ച പൂരത്തിന് സംഭവിച്ചതാകാമെന്നാണ് അധികൃതർ പറയുന്നത്. ചോർച്ചയുടെ ദൃശ്യം പുറത്തുവരാതിരിക്കാൻ ഗോപുരനട അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്. പലയിടത്തും മരത്തട്ട് ദ്രവിച്ച നിലയിലാണ്. എല്ലാ വിഷയങ്ങളും പുരാവസ്തു വകുപ്പിന്റെ സൂപ്പർവൈസർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.S
സംരക്ഷണമില്ല, നടപടിയില്ല
വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീ ശങ്കരനാരായണന്റെ പ്രതിഷ്ഠയ്ക്കു ചുറ്റുമുള്ള മ്യൂറൽ പെയിന്റിംഗിന്റെ സംരക്ഷണം ഒഴികെ മറ്റൊന്നിനും പുരാവസ്തു വകുപ്പുമായി സംരക്ഷണകരാറില്ല. നേരത്തെ ഗോപുരത്തിന്റെ പ്രവൃത്തികൾ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ ഏറ്റെടുത്തപ്പോഴും തങ്ങൾ ശരിയാക്കാമെന്നാണ് പുരാവസ്തുവകുപ്പ് പറഞ്ഞത്. എന്നാൽ ഇതുവരെയും ഇതുവരെയും നടപടിയെടുത്തിട്ടില്ല.
ചുറ്റമ്പലത്തിൽ കല്ലുവിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിച്ചിട്ടില്ല. ഇപ്പോൾ മഴവെള്ളം പുറത്തേക്ക് പോകാത്ത സ്ഥിതിയുണ്ട്. കിഴക്കെ ഗോപുരത്തിന്റെ സ്ഥിതി മോശമാണെന്നും കൂത്തമ്പലം ചോരുന്നുണ്ടെന്നും കത്ത് മുഖേന അറിയിച്ചിട്ടും നടപടിയില്ല. കൂത്തമ്പലം നവീകരിക്കാൻ സ്‌പോൺസർ രംഗത്തുണ്ടായിട്ടും ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ല. കനത്ത മഴയിൽ വിദ്യാർഥി കോർണർ ഇടിഞ്ഞു വീണപ്പോഴും വകുപ്പ് നടപടിയെടുത്തില്ല.
ക്ഷേത്രത്തിൽ നവീകരണം നടത്താൻ തീരുമാനിച്ചാൽ അതിന് തടസം നിൽക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്യുന്നത്. വിദ്യാർത്ഥി കോർണർ ഇടിഞ്ഞത് നവീകരിച്ചപ്പോഴും അത് അറിയിച്ചെല്ലായിരുന്നു പുരാവസ്തു വകുപ്പ് അധികൃതരുടെ മറുപടി.
– ടി.ആർ. ഹരിഹരൻ, ക്ഷേത്ര ഉപദേശക സമിതി
Source link