വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ, കേരളത്തോട് ഇത് വേണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രി

തൃശൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈറ്റിലേക്കുള്ള യാത്ര കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതെ റദ്ദാക്കിയതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശം അറിയില്ലെന്നും ഗവർണർ പറഞ്ഞു.
കേന്ദ്ര സർക്കാർ അവസാനനിമിഷം അനുമതി നിഷേധിച്ചതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജും രംഗത്തെത്തിയിരുന്നു. കേരളത്തോട് ഇത് വേണ്ടായിരുന്നു. വിമാനടിക്കറ്റ് ഉൾപ്പെടെ വച്ചാണ് അപേക്ഷ നൽകിയതെന്നും വീണാ ജോർജ് പറഞ്ഞു. ഇന്നലെ രാത്രി 9. 40നുള്ള വിമാനത്തിൽ പോകാൻ നെടുമ്പാശേരിയിൽ എത്തിയെങ്കിലും യാത്രയ്‌ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ രാത്രി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു.
മരിച്ചവരിൽ പകുതിയിലേറെപ്പേരും മലയാളികളാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും മലയാളികളാണ്. അവർക്കൊപ്പം നിൽക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനുമാണ് പ്രതിനിധിയെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കുവൈറ്റിൽ ഉണ്ടാകുമ്പോൾ അതിന്റെ ഗുണങ്ങൾ നമുക്കുണ്ടാകും. ആളുകളുടെ ചെറുതും വലുതുമായ ആവശ്യങ്ങളിൽ സഹായിക്കാൻ കഴിയുമെന്നും വീണാ ജോർജ് പറഞ്ഞു.
വിദേശത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനത്ത് നിന്നും മന്ത്രിമാർ പോകുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈറ്റിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മന്ത്രി പോയാൽ നാളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും. ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർ പോയിട്ടില്ല. ഈ അനാവശ്യ കീഴ്‌വഴക്കം ഇല്ലാതാക്കാനാണ് സംസ്ഥാന മന്ത്രിക്ക് കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത്.
ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടതെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണെന്നും നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെപ്പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സർക്കാരാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അപകട കാരണം കുവൈറ്റ് സർക്കാർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Source link