ഫുൾ എ പ്ലസ് വാങ്ങിയ മകൾക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്താനിരുന്ന പിതാവ്, അപകടം ജീവനെടുത്തത് നാട്ടിലെത്താൻ ദിവസങ്ങൾ ശേഷിക്കെ

കൊല്ലം: വളരെ കഷ്ടപ്പെട്ട് കുവൈറ്റിലെത്തി കുടുംബം പോറ്റുന്ന നിരവധിപേരാണ് ഇന്നലെയുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമാണ് ഈ സംഭവത്തോടെ അസ്‌തമിച്ചത്. അക്കൂട്ടത്തിൽ ഒരാളാണ് കൊല്ലം വടക്കോട്ടുവിളയിൽ ലൂക്കോസ് (48).
മെക്കാനിക്കായി നാട്ടിൽ ജോലി ചെയ്‌തിരുന്ന ലൂക്കോസ് 18 വർഷം മുമ്പാണ് കുവൈറ്റിലെത്തിയത്. അവിടെ കെ ജി എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻബിടിസി ഗ്രൂപ്പിന്റെ സൂപ്പർവൈസറായി അദ്ദേഹം മാറി. കഷ്‌ടപ്പാടിലൂടെ ജീവിതം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് ലൂക്കോസിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്.
കൊല്ലം ആദിച്ചനല്ലൂർ സ്വദേശിയായ ലൂക്കോസിന്റെ മൂത്ത മകൾ ലിദിയക്ക് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. മകളുടെ അഡ്‌മിഷന് വേണ്ടി അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് മരണം ലൂക്കോസിനെ തേടിയെത്തിയത്. മകൾ ഉയർന്ന മാർക്ക് നേടി വിജയിച്ചതിൽ ഏറെ അഭിമാനവും സന്തോഷവും ലൂക്കോസിനുണ്ടായിരുന്നുവെന്ന് പഞ്ചായത്തംഗം എൽ ഷാജി പറഞ്ഞു.
ലൂക്കോസിന്റെ ഭാര്യ ഷൈനി വീട്ടമ്മയാണ്. ഇവർക്ക് രണ്ട് പെൺമക്കളാണ്. ഇളയ മകൾ ലോയ്‌സ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
വീഡിയോക്കോളിന് കാത്തിരുന്നു, തേടിയെത്തിയത് ദുരന്തവാർത്ത
വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളറിയാൻ എല്ലാ ദിവസവും കുവൈറ്റിൽ നിന്ന് വീഡിയോകോൾ വരാറുള്ളതാണ് കാസർകോട് സ്വദേശിയായ കേളു. എന്നാൽ, ഇന്നലെ അതുണ്ടായില്ല. ഭാര്യ കെഎൻ മണി കാത്തിരുന്ന് മടുത്തു.
അതിനിടെയാണ് കുവൈറ്റിൽ തീപിടിത്തമുണ്ടായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയുന്നത്. ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ലെന്ന് പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്കായ മണിയെ സഹപ്രവർത്തകർ ആശ്വസിപ്പിച്ചു. ഭർത്താവിന്റെ വിളി കാത്തിരുന്ന മണി വൈകുന്നേരത്തോടെ തളർന്നുപോയി. ഇവരെ സഹപ്രവർത്തകർ ഇളമ്പച്ചിയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഒടുവിൽ നിർത്താതെ കരയുന്ന മണിയെ ബന്ധുക്കൾക്ക് സമാധാനിപ്പിക്കാൻ പോലുമാകാതെയായി.
പിലിക്കോട് എരവിലെ നിർധന കുടുംബത്തിലെ ഏഴുമക്കളിൽ ആറാമത്തെയാളാണ് കേളു. ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂളിൽ നിന്ന് ടിഎച്ച്എസ്‌എൽസിക്ക് ശേഷം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് പാസായി. പിന്നീട് കുവൈറ്റിലായിരുന്നു. കുവൈത്തിൽ എൻബിടിസി ഗ്രൂപ്പിൽ പ്രൊഡക്ഷൻ എൻജിനീയറായി ജോലിയിലിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ നാട്ടിലെത്തി തിരിച്ചുപോയതാണ്.
Source link