കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക്, മുഖ്യമന്ത്രിയും മന്ത്രിമാരും ഏറ്റുവാങ്ങും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളടക്കമുള്ള 45 പേരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യസഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് വിമാനത്തിലുണ്ട്.
വിമാനം രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും.
തമിഴ്നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയിലിറക്കും. തമിഴ്നാട് സർക്കാർ അയച്ച ആംബുലൻസുകൾ കൊച്ചിയിലെത്തിയിട്ടുണ്ട്. ദുരന്തത്തിൽ ഏഴ് തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം ആരോഗ്യമന്ത്രി വീണാ ജോർജിനെയും എൻ.എച്ച്.എം ഡയറക്ടർ ഡോ.ജീവൻ ബാബുവിനെയും കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇരുവരും രാത്രി നെടുമ്പാശ്ശേരിയിൽ ഏറെ കാത്തുനിന്നെങ്കിലും കേന്ദ്രാനുമതി കിട്ടാത്തതിനാൽ യാത്ര ഉപേക്ഷിച്ചു.
അപകടത്തിൽ പരിക്കേറ്റ 56 പേർ കുവൈറ്റിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് കമ്പനി ഉടമകളെ രക്ഷിക്കാൻ ആണെന്ന് ആക്ഷേപമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും.
തിരിച്ചറിഞ്ഞ മലയാളികൾ
പത്തനംതിട്ട -ആറ് പേർ
മുരളീധരൻ (വാഴമുട്ടം), ആകാശ് ശശിധരൻ (പന്തളം), സജുവർഗീസ് (അട്ടച്ചാക്കൽ), തോമസ് സി ഉമ്മൻ (തിരുവല്ല), സിബിൻ ടി എബ്രഹാം (കീഴ്വായ്പൂർ), മാത്യു ജോർജ് (നിരണം).
കൊല്ലം – അഞ്ച് പേർ
ഷമീർ (ശൂരനാട്), ലൂക്കോസ് സാബു (വെളിച്ചിക്കാല), സാജൻ ജോർജ് (പുനല്ലൂർ), സുമേഷ് പിളള (പെരിനാട്), ഡെന്നി ബേബി (കരുനാഗപ്പള്ളി).
കോട്ടയം -മൂന്ന് പേർ
സ്റ്റെഫിൻ എബ്രഹാം സാബു (പാമ്പാടി), ശ്രീഹരി പ്രദീപ് (ചങ്ങനാശ്ശേരി), ഷിബു വർഗീസ് (പളളിക്കച്ചിറ).
കാസർകോട് -രണ്ട് പേർ.
കേളു പൊന്മലേരി (തൃക്കരിപ്പൂർ), രഞ്ജിത്ത് കുണ്ടടുക്കം (ചെർക്കള).
മലപ്പുറം - രണ്ട് പേർ
നൂഹ് (തിരൂർ), ബാഹുലേയൻ (പുലാമന്തോൾ).
കണ്ണൂർ -മൂന്ന് പേർ
വിശ്വാസ് കൃഷ്ണൻ (ധർമ്മടം), നിധിൻ (വായ്യങ്കര), അനീഷ് കുമാർ (കടലായി).
തിരുവനന്തപുരം-രണ്ട് പേർ
അരുൺ ബാബു (ഉഴമലയ്ക്കൽ), ശ്രീജേഷ് നായർ (ഇടവ).
തൃശൂർ-ഒരാൾ
ബിനോയ് തോമസ് (ചിറ്റാറ്റുകര).
ആലപ്പുഴ-ഒരാൾ
പാണ്ടനാട് മനക്കണ്ടത്തിൽ മാത്യു തോമസ് (ചെങ്ങന്നൂർ).
Source link