17-ാം പതിപ്പ് യുവേഫ യൂറോപ്യൻ ചാന്പ്യൻഷിപ്പിന് ഇന്നു തുടക്കമാകും. ജർമനി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 24 ടീമുകളാണ് കപ്പിനായി പോരാടുന്നത്. 2006 ലോകകപ്പിനുശേഷം ആദ്യമായാണ് ജർമനി ഒരു പ്രധാന ടൂർണമെന്റിനു വേദിയൊരുക്കുന്നത്. രാജ്യത്തെ പത്ത് സ്റ്റേഡിയങ്ങളിലായാണ് മത്സരം നടക്കുക. യൂറോപ്പിലെ പ്രമുഖ ടീമുകളെല്ലാംതന്നെ അണിനിരക്കുന്നുണ്ട്. മൂന്നു തവണ ജേതാക്കളായ ജർമനി, സ്പെയിൻ, രണ്ടു തവണ ജേതാക്കളായ ഇറ്റലി, ഫ്രാൻസ്, ഒരിക്കൽക്കൂടി കപ്പിൽ മുത്തമിടാനെത്തുന്ന പോർച്ചുഗൽ, നെതർലൻഡ്സ്, ആദ്യ യൂറോ കിരീടം തേടി ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങി യൂറോപ്പിലെ എല്ലാ പ്രമുഖരും പോരാട്ടത്തിനുണ്ട്. ജോർജിയയാണ് ടൂർണമെന്റിലെ പുതുമുഖം. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് മ്യൂണിക് ഫുട്ബോൾ അരീനയിൽ ജർമനിയും സ്കോട്ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗ്രൂപ്പുകളിലൂടെ ◄ഗ്രൂപ്പ് എ► ടൂർണമെന്റ് ആതിഥേയരായ ജർമനിക്കു വെല്ലുവിളിയായി ഹംഗറി, സ്വിറ്റ്സർലൻഡ്, സ്കോട്ലൻഡ് ടീമുകളാണുള്ളത്. ശക്തരായ ജർമനിയുടെ എതിരാളികൾ മൂന്നും അപ്രതീക്ഷിത പ്രകടനങ്ങൾക്കു പേരുകേട്ടവർ. ഒരു പതിറ്റാണ്ടായി മോശം പ്രകടനം നടത്തുന്ന ജർമനി ഉണർവിന്റെ പാതയിലാണ് ടൂർണമെന്റിലെത്തുന്നത്. കോച്ച് ജൂലിയൻ നഗെൽസ്മാന്റെ കീഴിൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ജർമൻ ടീം കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിനെയും നെതർലൻഡ്സിനെ കീഴടക്കി പഴയ ഫോമിലേക്കു മടങ്ങിയിരിക്കുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പിലുള്ള ഹംഗറി മികച്ച ഫോമിലാണ്. യൂറോ കപ്പിനു മുന്പുള്ള സൗഹൃദ മത്സരത്തിൽ അയർലൻഡിനോടു പരാജയപ്പെട്ടെങ്കിലും 2022 നവംബർ മുതൽ ആ തോൽവി വരെ 12 കളിയിൽ ഹംഗറി തോൽവി അറിഞ്ഞിരുന്നില്ല. ബുണ്ടസ് ലീഗയിൽ ബെയർ ലെവർകൂസനിലും സ്റ്റുട്ഗാർട്ടിലും തിളങ്ങിയവരെ ടീമിലെത്തിച്ചു. സ്വിറ്റ്സർലൻഡും സ്കോട്ലൻഡും എന്തിനും പോന്നവരാണ്. രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ടീമുമായാണു സ്വിറ്റ്സർലൻഡ് എത്തുന്നത്. സ്വിറ്റ്സർലൻഡിന്റെ സുവർണതലമുറയ്ക്ക് കിരീടത്തിലെത്താനുള്ള അവസാന അവസരമാണ്. ◄ഗ്രൂപ്പ് ബി► ശക്തരായ സ്പെയിൻ, നിലവിലെ ചാന്പ്യന്മാരായ ഇറ്റലി, ക്രൊയേഷ്യ എന്നിവരുള്ള ഗ്രൂപ്പ് ബി ടൂർണമെന്റിലെ മരണഗ്രൂപ്പെന്ന പേരിന് എന്തുകൊണ്ടും അർഹമാണ്. ഇവർക്കൊപ്പം അൽബേനിയയും ചേരുന്നുണ്ട്. ഇറ്റലിയെയും ക്രൊയേഷ്യയെയും തോൽപ്പിച്ചാണ് 2023ൽ നേഷൻസ് ലീഗ് ചാന്പ്യൻമാരായത്. സ്പെയിൻതന്നെയാണ് ഇത്തവണയും ഫേവറിറ്റുകൾ. ലൂയിസ് ഡി ല ഫ്യൂണ്ടേയ്ക്കു കീഴിൽ 2012നുശേഷം യൂറോ കപ്പിൽ മുത്തമിടാനാണു സ്പെയിനെത്തുന്നത്. വിശ്വസിക്കാവുന്ന സെന്റർ ഫോർവേഡ് സ്പെയിനില്ല. യൂറോ 2020ന്റെ ജേതാക്കളായ ഇറ്റലിക്ക് 2022 ലോകകപ്പിൽ കളിക്കാനായില്ലെങ്കിലും കടലാസിൽ ശക്തരാണ്. ലൂസിയാനോ സ്പാലെറ്റിയുടെ ടീമിൽ മികച്ചൊരു സെൻറർ ഫോർവേഡിന്റെ കുറവുണ്ട്. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യക്ക് ഇത്തവണ പരിചയസന്പത്തും യുവത്വവും നിറഞ്ഞ ടീമാണുള്ളത്. അൽബേനിയയ്ക്കു വലിയ താരങ്ങളുടെ പേരുകൾ പറയാനില്ലെങ്കിലും പ്രതിരോധശക്തി കൂടിയവരും അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ വന്പൻമാരെ ഞെട്ടിക്കാൻ കഴിവുള്ളവരുമാണ്. ◄ഗ്രൂപ്പ് സി► ഗ്രൂപ്പ് സിയിലേക്കു നോക്കുന്പോൾ ഇംഗ്ലണ്ട്തന്നെ ഫേവറിറ്റുകൾ. 58 വർഷത്തിനുശേഷം ഒരു പ്രധാന ട്രോഫിയാണ് ഇംഗ്ലീഷ് ടീമിന്റെ ലക്ഷ്യം. അടുത്ത കാലത്ത് നടന്ന ടൂർണമെന്റിലെല്ലാം വേദനാജനകമായ നഷ്ടങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. 2021ൽ വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോടു പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. 2018 ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയോടു തോൽക്കുകയും 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോടു തോറ്റു പുറത്താവുകയും ചെയ്തു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ങാം, ഫിൽ ഹോഡൻ എന്നിങ്ങനെ വന്പൻ താരനിരയാണ് ഇംഗ്ലണ്ടിനുള്ളത്. ഗ്രൂപ്പിൽ ഡെന്മാർക്കാകും ഇംഗ്ലണ്ട് നേരിടുന്ന ശക്തരായ എതിരാളി. 2010 ലോകകപ്പിനുശേഷം സ്ലൊവേനിയയുടെ പ്രധാന ടൂർണമെന്റാണിത്. സെർബിയയും ശക്തമായ പോരാട്ടത്തിനു കെൽപ്പുള്ളവരാണ്. ◄ഗ്രൂപ്പ് ഡി► ലോകകപ്പ് കിരീടം തുടർച്ചയായ രണ്ടാം തവണയും നേടാനുള്ള അവസരം ചെറിയ വ്യത്യാസത്തിനു നഷ്ടമായ ഫ്രാൻസ് യൂറോപ്പിൽ ആധിപത്യം ഉറപ്പിക്കാനാണു ലക്ഷ്യമിടുന്നത്. കിലിയൻ എംബപ്പെയുടെ മുന്നേറ്റത്തിലാണു പ്രതീക്ഷ. കൂടാതെ ഒരുപറ്റം മികച്ച താരങ്ങളാൽ ടീം സന്പന്നവുമാണ്. റൊണാൾഡ് കൂമന്റെ രണ്ടാംവരവ് കിരീടത്തിലെത്തിക്കാനാണ് നെതർലൻഡ്സിന്റെ ലക്ഷ്യം. മെംഫിസ് ഡിപെ നയിക്കുന്ന ആക്രമണനിരയും നായകൻ വിർജിൽ വാൻ ഡിക്ക് നേതൃത്വം നൽകുന്ന പ്രതിരോധവും ശക്തമാണ്. എന്നാൽ, മധ്യനിരയിൽ ഫ്രാങ്കി ഡി ജോംഗ് ഇല്ലാത്തത് തിരിച്ചടിയാണ്. പോളണ്ടിനാണെങ്കിൽ നായകൻ റോബർട്ട് ലെവൻഡോവ്സ്കിയെ ചുറ്റിപ്പറ്റിയാണ് കളിപോകുന്നത്. താരത്തിനുവേണ്ട പിന്തുണ കിട്ടാറില്ല. റാൽഫ് റാംഗ്നിക്കിന്റെ ഓസ്ട്രിയൻ ടീമും അദ്ഭുതങ്ങൾ കാണിക്കാൻ പ്രാപ്തരാണ്. ◄ഗ്രൂപ്പ് ഇ► ഗ്രൂപ്പിലെ ഫേവറിറ്റുകൾ ബെൽജിയംതന്നെ. ബെൽജിയം ഫുട്ബോളിന്റെ സുവർണ തലമുറയിലെ അംഗങ്ങൾ ഇപ്പോഴും ആ ടീമിലുണ്ട്. അവർക്ക് ഒരു കിരീടം നേടാനുള്ള അവസാന അവസരവുമാണ്. കെവിൻ ഡി ബ്രുയിൻ, റൊമേലു ലുക്കാക്കു എന്നീ സൂപ്പർ താരങ്ങളുള്ള ടീമിൽ യുവാക്കളാണു കരുത്ത്. അച്ചടക്കമുള്ള ടീമാണ് യുക്രെയിന്റേത്. റയൽ മാഡ്രിഡ് ഗോൾകീപ്പർ ആന്ദ്രെ ലുനിൻ വല കാക്കുന്നു. പരിചയസന്പന്നരായ പ്രതിരോധനിര. ഈ സീസണിൽ ലാ ലിഗയിൽ ടോപ് സ്കോററായ ആർടെം ഡൊവ്ബിക്കിന്റെ ഗോളടിയിൽ പ്രതീക്ഷ പുലർത്താം. വലിയ ടൂർണമെന്റുകൾ കളിച്ച് പരിചയം കുറഞ്ഞവരാണു കളിക്കാർ. കടുകട്ടിയായ പ്രതിരോധമാണു റൊമാനിയയ്ക്കുള്ളത്. പ്രതിരോധ കരുത്താണ് സ്ലൊവാക്യക്കും. മധ്യനിരയിൽ പരിചയസന്പർ. എന്നാൽ ആക്രമണത്തിൽ പിന്നിലാണ്. ◄ഗ്രൂപ്പ് എഫ്► 2016 യൂറോ കപ്പ് നേടിയ ടീമിൽനിന്ന് നിരവധി മാറ്റങ്ങളാണ് ഇപ്പോൾ പോർച്ചുഗൽ ടീമിലുണ്ടായിരിക്കുന്നത്. റോബർട്ടോ മാർട്ടിനസിന്റെ ടീമിൽ രാജ്യത്തെ മികച്ച ക്ലബ്ബുകളിൽനിന്നുള്ള മികച്ച യുവ കളിക്കാർ എത്തി. കപ്പ് നേടിയ ടീമിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, പെപെ എന്നിവർ ഇപ്പോഴും മികച്ച പ്രകടനം തുടരുന്നു. ദശാബ്ദങ്ങളായി അവർക്കു ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളതും സമതുലിതവുമായ ടീമാണ്. ഒരു അന്താരാഷ്ട്ര ട്രോഫികൂടി നേടാനുള്ള അവസരമാണ് റൊണാൾഡോയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. ആദ്യമായി അന്താരാഷ്ട്ര ടൂർണമെന്റിനെത്തുന്ന ജോർജിയ ആ വരവ് ഓർമയിൽ നിൽക്കുന്നതാക്കാനുള്ള തയാറെടുപ്പിലാണ്. ചെക് റിപ്പബ്ലിക്കും നോക്കൗട്ട് പ്രതീക്ഷയോടെയാണ് എത്തുന്നത്. അർദ ഗുലർ, ഹക്കൻ കൽഹാനോഗ്ലു, ഒർകൻ കൊക്കു എന്നിവരുള്ള ടീം നോക്കൗട്ട് യോഗ്യതയ്ക്ക് അർഹരാണ്. ◄റൊണാൾഡോയെ കാത്ത് റിക്കാർഡുകൾ► 2004ൽ യൂറോ കപ്പിൽ അരങ്ങേറ്റം കുറിക്കുന്പോൾ പത്തൊന്പതു വയസായിരുന്നു. 2024 യൂറോയുടെ ആദ്യ മത്സരത്തിന് റൊണാൾഡോ ഇറങ്ങിയാൽ ഒരു റിക്കാർഡ് വഴിമാറും. ആറു യൂറോ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ കളിക്കാരനെന്ന റിക്കാർഡ് സ്വന്തമാകും. യൂറോയിൽ ഏറ്റവും കൂടുതൽ അവസരങ്ങളുണ്ടാക്കിയ കളിക്കാരനെന്ന റിക്കാർഡിനൊപ്പമെത്താൻ വേണ്ടത് രണ്ടു ശ്രമങ്ങൾ. നിലവിൽ പോർച്ചുഗൽ ഇതിഹാസം ലൂയി ഫിഗോയുടെ (42 അവസരങ്ങൾ) പേരിലാണു റിക്കാർഡ്. 41 ശ്രമങ്ങളുള്ള റൊണാൾഡോയാണു രണ്ടാമത്. ഗോൾ നേടിയാൽ യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാകും. 38 വയസും 257 ദിവസവുമുള്ളപ്പോൾ ഓസ്ട്രിയയുടെ ഇവിക വാസ്റ്റിച്ചിന്റെ പേരിലാണ് റിക്കാർഡ്. 50 രാജ്യങ്ങൾക്കെതിരേ ഗോൾ എന്ന അപൂർവ റിക്കാർഡും പോർച്ചുഗീസ് നായകനെ കാത്തിരിക്കുന്നുണ്ട്. യൂറോ കപ്പിലെ പോർച്ചുഗലിന്റെ ഗ്രൂപ്പ് അത്ര കടുകട്ടിയല്ല. പോർച്ചുഗൽ ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്താണെങ്കിലും എതിരാളികളായ ജോർജിയ (75-ാം റാങ്ക്), ചെക്ക് റിപ്പബ്ലിക് (36-ാം റാങ്ക്), തുർക്കി (40-ാം റാങ്ക്) എന്നിവർ ആദ്യ 35 സ്ഥാനത്തിനുള്ളിൽ ഉള്ളവരല്ല. പോർച്ചുഗലിനായി 47 വ്യത്യസ്ത രാജ്യങ്ങൾക്കെതിരേ 128 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗൽ കൂടുതൽ മുന്നേറുകയാണെങ്കിൽ റൊണാൾഡോ 50 രാജ്യങ്ങൾക്കെതിരേ ഗോൾ നേടുന്ന കളിക്കാരനായേക്കും. ചെക്കിനെതിരേ രണ്ടു തവണ ഗോൾ നേടിയിട്ടുണ്ടെങ്കിലും ജോർജിയ, തുർക്കി ടീമുകൾക്കെതിരേ ഗോൾ നേടിയിട്ടില്ല.
Source link