കൊച്ചി: കേരളത്തില്‍ ഏറ്റവും അധികം ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊച്ചിയിലാണ്. ദിനംപ്രതി മെട്രോ നഗരത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും കൃത്യമായി പരിശോധന നടത്താന്‍ പോലും ഉദ്യോഗസ്ഥരില്ലെന്നതാണ് അവസ്ഥ. ഇത് കാരണം മയക്കുമരുന്ന് ഇടപാടുകാര്‍ യഥേഷ്ടം വാഴുന്ന സ്ഥിതിയുണ്ട്. എക്‌സൈസിന്റെ റേഞ്ച് ഓഫീസുകളിലും സര്‍ക്കിളുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നതാണ് കാരണം.
ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എക്‌സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിച്ചതാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയ്ഡ്, വിമുക്തി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ക്ലാസെടുക്കുക, കോടതികളില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുക, മുന്‍ കേസുകളുടെ വിചാരണയ്ക്കായി കോടതികളില്‍ ഹാജരാക്കുക തുടങ്ങിയവയാണ് എക്‌സൈസ് ഓഫീസുകളിലെ പ്രധാന ജോലികള്‍. രണ്ടുപേര്‍ സ്ഥിരമായി പാറാവ് ഡ്യൂട്ടിയും ചെയ്യണം. ഇതിനെല്ലാം കൂടി ആളെ തികയാത്ത അവസ്ഥയാണ് നിലവില്‍ കൊച്ചിയിലെ എക്‌സൈസ് ഓഫീസുകളില്‍ ഉള്ളത്.
കൊച്ചി സിറ്റി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ 13 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. പക്ഷേ നിലവിലുള്ളത് ഏഴ് പേര്‍ മാത്രം. രണ്ടുപേര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലും. 10 കോടതികളാണ് സര്‍ക്കിളിന് പരിധിയില്‍ ഉള്ളത്. മട്ടാഞ്ചേരി എക്‌സൈസ് ഓഫീസില്‍ 20 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത് എന്നാല്‍ എത്തുന്നത് 10 പേര്‍. ഏഴു പേരാണ് ഇവിടെ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ പോയിരിക്കുന്നത്. ഇതോടെയാണ് ദിവസേന ചെയ്യേണ്ട ജോലികള്‍ പോലും ആളില്ലാത്ത അവസ്ഥയുണ്ടായത്.
Source link