കേന്ദ്രം അനുമതി നിഷേധിച്ചു, മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി

കൊച്ചി : ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. രാത്രി 9.40ന്റെ വിമാനത്തിൽ കുവൈറ്റിലേക്ക് പോകാനാണ് മന്ത്രി പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. യാത്രാനുമതിക്കായി ഡൽഹിയിലെ റസിഡന്റ്സ് കമ്മിഷണർ മുഖാന്തരം ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നതിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. മന്ത്രി വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.
മന്ത്രി വീണാജോർജ് കുവൈറ്റിലേക്ക് യാത്ര തിരിക്കുമെന്നാാണ് നേരത്തെ അറിയിച്ചിരുന്നത്. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻ.എച്ച്.എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജീവൻ ബാബുവിനും .യാത്രാനുമതി ലഭിച്ചിട്ടില്ല.
കുവൈത്ത് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. നാളെ 8:30ന്റെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കായാണ് മന്ത്രി കുവൈറ്റിലേക്ക് പോകാനിരുന്നത്.
Source link