ആറ് വർഷത്തിനുള്ളിൽ എത്തുന്നത് 25 ലക്ഷം യാത്രക്കാർ, കോടികളുടെ വരുമാനം, കേരളത്തിലെ പുതിയ വിമാനത്താവളം യാഥാർത്ഥ്യമായാൽ സംഭവിക്കുന്നത്
കോട്ടയം : പ്രതീക്ഷയുടെ ചിറകിലേറി കുതിച്ച ശബരിമല വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനം സ്റ്റേയിൽ കുരുങ്ങി നിശ്ചലമായി.
441 കൈവശക്കാരുടെ പക്കലുള്ള 1000.28 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തെളിവെടുപ്പ് ജോലികൾ ആരംഭിച്ചതോടെ സാമൂഹികാഘാത പഠനവും, ഭൂമിയുടെ ഉടമസ്ഥാവകാശ നിർണയവും ചട്ടവിരുദ്ധമാണെന്ന് കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ഏപ്രിൽ 24 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തുടർനടപടികൾ സ്റ്റേ ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൂടിയായതോടെ സ്റ്റേ നീക്കാനുള്ള നടപടികളും ഉണ്ടായില്ല. ബിലീവേഴ്സ് ചർച്ചിന് നേതൃത്വം നൽകുന്ന ബിഷപ്പ് കെ.പി യോഹന്നാൻ അപകടത്തിൽ മരിച്ചതോടെ നടപടികൾ ഇനിയും വൈകിയേക്കും. 2570 ഏക്കർ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയതോടെ മൂന്നുവർഷം കൊണ്ട് വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രദേശം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയവും റിപ്പോർട്ട് നൽകിയിരുന്നു.
യാഥാർത്ഥ്യമായാൽ നേട്ടങ്ങൾ നിരവധി
ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. ദേശീയ – സംസ്ഥാന പാതകൾ സമീപത്തുകൂടി കടന്നുപോകുന്നതും ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരമെന്നതും നേട്ടമായി. വിമാനത്താവളത്തിന് 2250 കോടി ചെലവ് വരുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ട്. ഭൂമിയേറ്റെടുക്കാൻ 570 കോടി വേണം. 2030ൽ 24.5 ലക്ഷവും, 2050ൽ 64.2 ലക്ഷവും യാത്രക്കാരുണ്ടാവുമെന്നും, 60വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാകുമെന്നുമാണ് കണക്കൂകൂട്ടൽ.
”ശബരിമല വിമാനത്താവളം സ്ഥലം ഏറ്റെടുക്കൽ നടപടികൾ സ്റ്റേയിലാണ്. സർക്കാർ മുൻകൈയെടുത്ത് സ്റ്റേ നീക്കാനുള്ള നടപടികൾ തുടങ്ങിയാലേ സ്ഥലമെടുപ്പ് ജോലികൾ പുന:രാരംഭിക്കാനാകൂ.
-വി. വിഗ്നേശ്വരി (ജില്ലാ കളക്ടർ)
3,500 മീറ്റർ റൺവേ
2,570 ഏക്കർ സ്ഥലം
Source link