”ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധിയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അതിപ്പോൾ ഹൈക്കോടതി തീർത്തിരിക്കുന്നു”

കൊച്ചി: ശബരിമല ദർശത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവയസുകാരി നൽകിയ ഹർജി ഹൈക്കോടതി തളളി. ബംഗളൂരു നോർത്ത് സ്വദേശിനിയായ പത്തുവയസുകാരി സമർപ്പിച്ച ഹർജി, ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, വി.ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്.
തനിക്ക് ആർത്തവം ആരംഭിച്ചില്ലെന്നും അതിനാൽ പ്രായപരിധി പരിഗണിക്കാതെ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനം നടത്താൻ അനുമതി നൽകണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യം. മണ്ഡലകാലം കഴിഞ്ഞതിനാൽ മാസപൂജ സമയത്ത് ദർശനത്തിന് അനുവദിക്കണെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം.
’10 വയസിനു മുൻപ് ശബരിമലയിൽ എത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, കൊവിഡും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോഗ്യവും കാരണം തീർത്ഥാടനം വൈകി. തീർഥാടനത്തിനായി 2023 നവംബർ 22-ന് പിതാവ് ഓൺലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാൽ, ഉയർന്ന പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അപേക്ഷ നിരസിച്ചു. ആർത്തവം ആരംഭിക്കാത്തതിനാൽ ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയും’, എന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
എന്നാൽ, 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രദർശനം പാടില്ലെന്ന ദേവസ്വം ബോർഡ് നിലപാടിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2023 നവംബർ 27-നാണ്ഹർജി ഫയൽചെയ്തത്.
2018ലെ സുപ്രീംകോടതി വിധി ഇപ്പോഴും നിലനിൽക്കുന്നോ എന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിൽ അതിപ്പോൾ കേരളാ ഹൈക്കോടതി തന്നെ തീർത്തിരിക്കുന്നു എന്നാണ് ശ്രീജിത്ത് പണിക്കർ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
”ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രീംകോടതി വിധി ഇപ്പോഴും നിലനിൽക്കുന്നോ എന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിൽ അതിപ്പോൾ കേരളാ ഹൈക്കോടതി തന്നെ തീർത്തിരിക്കുന്നു.
പത്ത് വയസ്സ് തികഞ്ഞ ഒരു പെൺകുട്ടി തനിക്ക് ദർശനം അനുവദിക്കണം എന്നുകാട്ടി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നു. വിഷയം വിശാലബെഞ്ചിന്റെ പരിഗണനയിൽ ആയതിനാൽ ദർശനം അനുവദിക്കാൻ സാധ്യമല്ലെന്നും പത്തിനും അൻപതിനും ഇടയ്ക്കുള്ള പ്രായത്തിലെ സ്ത്രീകൾക്ക് ദർശനം പാടില്ലെന്ന ദേവസ്വം ബോർഡ് നിലപാടിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ശേഷം വിശാലബെഞ്ചിന്റെ തീരുമാനം”.
Source link