ശബരിമല ദർശനം: 11കാരിയുടെ ഹർജി തള്ളി

കൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടി പതിനൊന്നുകാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഋതുമതിയായിട്ടില്ലാത്തതിനാൽ പത്തുവയസെന്ന പരിധി വയ്ക്കരുതെന്നായിരുന്നു ഹർജിയിലെ വാദം. ഹർജിക്കാരി മുന്നോട്ടുവച്ച നിയമപരവും വസ്തുതാപരവുമായ വാദങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുവയ്ക്കുകയാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബംഗളൂരുവിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയുടെ മകളാണ് ഹർജിക്കാരി. 2013 ജൂൺ അഞ്ചാണ് ജനനത്തീയതി. ശബരിമല ദർശനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളാൽ കാത്തിരിപ്പുനീണ്ടു. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് കുട്ടിക്കുവേണ്ടി പിതാവ് ഓൺലൈൻ അപേക്ഷ നൽകിയെങ്കിലും പത്തുവയസു കഴിഞ്ഞതിനാൽ നിരാകരിച്ചു. തിരുവിതാംകൂർ ദേവസ്വത്തിന് അപേക്ഷ നൽകിയെങ്കിലും തീരുമാനമുണ്ടായില്ല.

സുപ്രീംകോടതിയിൽ റിവ്യൂ ഹർജികൾ തീർപ്പാകാനുള്ളതായി ദേവസ്വം എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മണ്ഡലകാലം കഴിഞ്ഞതിനാൽ ഹർജിക്ക് പ്രസക്തിയില്ലെന്നും വ്യക്തമാക്കി. ഇതിനുപിന്നാലെ, മാസപൂജ ദ‌ർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.


Source link

Exit mobile version