KERALAMLATEST NEWS

ഫുട്ബാൾ ആചാര്യൻ ടി.കെ.ചാത്തുണ്ണി അന്തരിച്ചു

ചാലക്കുടി: കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ഫുട്ബാളിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി.കെ.ചാത്തുണ്ണി (81) അന്തരിച്ചു. അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ 7.45ഓടെയായിരുന്നു അന്ത്യം.

പട്ടാള ടീമിലും വാസ്‌കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമിലും കളിക്കാരനായിരുന്ന ചാത്തുണ്ണി രണ്ട് വട്ടം കേരള ടീമിന്റെ പരിശീലകനായി. 1979ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ചായി. കേരള പൊലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് നേടിയ 1990ൽ ചാത്തുണ്ണിയായിരുന്നു കോച്ച്. എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്.സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രെഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ ഉൾപ്പെടെ പ്രധാന ക്ലബുകളുടെ പരിശീലകനായിരുന്നു. ഐ.എം.വിജയനും വി.പി സത്യനും ജോപോൾ അഞ്ചേരിയും മുതൽ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ നീളുന്ന വിപുലമായ ശിഷ്യസമ്പത്തിന്റെ ഉട‌മയാണ്.

‘ഫുട്‌ബോൾ മൈ സോൾ’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്. സ്വർണ്ണലതയാണ് ഭാര്യ. രേഖ, റിങ്കു എന്നിവർ മക്കളും പ്രമോദ്, ബിജു എന്നിവർ മരുമക്കളുമാണ്. ഇന്ന് രാവിലെ 9ന് മൃതദേഹം ചാലക്കുടിയിലെ വീടായ ബാൾ ഭവനിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകും.സംസ്‌കാരം 11.30ന് തൃശൂർ വടൂക്കര ശ്മശാനത്തിൽ.


Source link

Related Articles

Back to top button