തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. കുവെെറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും.
തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. തീപിടിത്തത്തിൽ 11 മലയാളികൾ അടക്കം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്.
മലയാളികളായ കൊല്ലം ശൂരനാട് നോർത്ത്ഷെമീർ (30),കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54),പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി (കൊല്ലം), സജു വർഗീസ്( കോന്നി), രഞ്ജിത്ത് കുണ്ടടുക്കം (ചെർക്കളം), ചാത്തന്നൂർ ആദിച്ചനല്ലൂർ ലൂക്കോസ് (48) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. 195 പേരാണ് ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്. രക്ഷാപ്രവർത്തനം അതിവേഗം നടത്തി.താഴത്തെ നിലയിൽ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് സമീപത്ത് നിന്നാണ് തീപടർന്നത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു. സുരക്ഷാ ജീവനക്കാരൻ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും അഭ്യൂഹമുണ്ട്.
Source link