സിപിഎമ്മിനെ തോൽപ്പിച്ചത് പോരാളി ഷാജിയും കൂട്ടരും; വോട്ടുകിട്ടാത്തതിന് സോഷ്യൽ മീഡിയയെ പഴിച്ച് എംവി ജയരാജൻ

കണ്ണൂർ: വൻ മാർജിനിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ താൻ തോൽക്കാൻ കാരണം സോഷ്യൽ മീഡിയയുടെ ഇടപെടലെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എംവി ജയരാജൻ. പോരാളി ഷാജി തുടങ്ങി ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളെയാണ് അദ്ദേഹം തളളിപ്പറഞ്ഞത്. ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായും യുവാക്കൾ സോഷ്യൽ മീഡിയ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 1,08,982 വോട്ടുകൾക്കാണ് മണ്ഡലത്തിൽ ജയരാജന്റെ പരാജയം. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു ഇവിടെ വിജയിച്ചത്. സിപിഎം കോട്ടകളെന്ന് വിശേഷണമുള്ള ബൂത്തുകളിൽപ്പോലും വൻ ലീഡാണ് സുധാകരന് ലഭിച്ചത്. ഇത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.
ജയരാജൻ പറഞ്ഞത്
‘സോഷ്യൽമീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായി. പാർട്ടി പ്രവർത്തകരും ഇടതുപക്ഷത്തോട് കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ.. ഇതിലൊക്കെ നിത്യേന ഇടതിന് അനുകൂലമായ പോസ്റ്ററുകൾ കാണുമ്പോൾ നമ്മൾ അതിനെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ കാണുന്ന പ്രവണത അത്തരം ഗ്രൂപ്പുകൾ വിലയ്ക്കുവാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമായിരിക്കും. അവരെ വിലയ്ക്കുവാങ്ങുകയാണ്. വിലയ്ക്കുവാങ്ങിയാൽ ആ അഡ്മിൻ നേരത്തേ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരുന്ന വെല്ലുവിളിയാണ്’
അതേസമയം, മണ്ഡലത്തിൽ യുഡിഎഫിന്റെ ഭൂരിപക്ഷം വൻതോതിൽ കൂടാൻ കാരണം സിപിഎം വോട്ടുകളാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. പാർട്ടി കേന്ദ്രങ്ങളിൽ നിന്നടക്കം സിപിഎം വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുകി. ധർമ്മടത്തെയും, പയ്യന്നൂരിലെയും വോട്ടിംഗ് നില മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ എംവി ജയരാജൻ പാർട്ടിക്ക് സ്വീകാര്യനായിരിക്കാം. പക്ഷേ ജനങ്ങൾക്ക് അദ്ദേഹം സ്വീകാര്യനല്ല എന്ന തരത്തിൽ സ്ഥാനാർത്ഥി നിർണയം മുതൽ ഇടത് പ്രവർത്തകർക്കിടയിൽപ്പോലും പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാം വോട്ടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ ഫലം വ്യക്തമാക്കുന്നത്.
Source link