ഓസീസ് മാസ്
ആന്റിഗ്വ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ച് ഓസീസ്. ഗ്രൂപ്പ് ബിയിൽ നമീബിയയെ ഒന്പത് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. ഗ്രൂപ്പിൽ ഓസീസിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. സ്കോർ: നമീബിയ 72 (17). ഓസ്ട്രേലിയ 74/1 (5.4). ലോകകപ്പിൽ നമീബിയയുടെ ഏറ്റവും ചെറിയ സ്കോറാണിത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് (36), ഓപ്പണർ മൈക്കൽ വാൻ ലിംഗൻ (10) എന്നിവർ മാത്രമാണ് നമീബിയൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഓസ്ട്രേലിയയുടെ ആദം സാംപ നാലും (4/12) ജോഷ് ഹെയ്സൽവുഡ് (2/18), മാർകസ് സ്റ്റോയിൻസ് (2/9) എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓസ്ട്രേലിയയ്ക്കുവേണ്ടി ഡേവിഡ് വാർണർ (എട്ട് പന്തിൽ 20), ട്രാവിസ് ഹെഡ് (17 പന്തിൽ 34 നോട്ടൗട്ട്), മിച്ചൽ മാർഷ് (ഒന്പത് പന്തിൽ 18 നോട്ടൗട്ട്) എന്നിവർ 5.4 ഓവറിൽ ജയം അടിച്ചെടുത്തു. 86 പന്ത് ബാക്കിനിൽക്കേയാണ് ഓസീസ് ജയത്തിലെത്തിയത്. ആദം സാംപയാണ് പ്ലെയർ ഓഫ് ദ മാച്ച്. ട്വന്റി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റിക്കാർഡ് സാംപ സ്വന്തമാക്കി. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ (ഏഴ്) പ്ലെയർ ഓഫ് ദ മാച്ച് സ്വന്തമാക്കുന്ന ബൗളർ എന്ന റിക്കാർഡും സാംപ കുറിച്ചു. ഓസീസ് മുൻ പേസർ ഗ്ലെൻ മഗ്രാത്തിന്റെ (ആറ്) പേരിലെ റിക്കാർഡാണ് ഈ ലെഗ്സ്പിന്നർ തകർത്തത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ് (അഞ്ച്) മൂന്നാം സ്ഥാനത്ത്.
Source link