സൂപ്പർ ഇന്ത്യ
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഇന്ത്യക്കു മൂന്നാം ജയം. യുഎസിനെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: യുഎസ്് 20 ഓവറിൽ എട്ട് വിക്കറ്റിന് 110 റണ്‍സ്. ഇന്ത്യ 18.2 ഓവറിൽ മൂന്നു വിക്കറ്റിന് 111. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത യുഎസിനെ നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് തകർത്തത്. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റൊന്നും നേടാനായില്ല. 23 പന്തിൽ 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ആദ്യ ഓവറിൽ വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി. വൈകാതെ രോഹിത് ശർമയും (മൂന്ന്) പുറത്തായി. ഋഷഭ് പന്ത് (18) പുറത്തായശേഷം ഒരുമിച്ച സൂര്യകുമാർ യാദവും (50*) ശിവം ദുബെയും (31*) ചേർന്നുള്ള 67 റണ്‍സ് കൂട്ടുകെട്ട് ജയത്തിലെത്തിക്കുകയായിരുന്നു. ടോസ് നേടി ബൗൾ ചെയ്യാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിയെന്നു വ്യക്തമാക്കുന്നതാണ് ആദ്യ ഓവറിൽ കണ്ടത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ഷയാൻ ജഹാംഗിർ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അവസാന പന്തിൽ ആൻഡ്രീസ് ഗൗസിന്റെ (രണ്ട്) കുറ്റിതെറിപ്പിച്ചു. പവർപ്ലേ പൂർത്തിയായപ്പോൾ യുഎസ്എ 18 റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയിലായിരുന്നു. സ്റ്റീവൻ ടെയ്ലർ (24) നിതീഷ് കുമാർ ( 27), കോറി ആൻഡേഴ്സണ് (15) ഹർമീത് സിംഗിനെ (10), ഷാഡ്ലി വാൻ ഷാൽക് വിക് (11*) എന്നിവരുടെ പ്രകടനമാണ് യുഎസിനെ നൂറുകടത്തിയത്.
Source link