വയനാടോ റായ്ബറേലിയോ? വ്യക്തമാക്കാതെ രാഹുൽ ഗാന്ധി; ആയിരങ്ങൾ പങ്കെടുത്ത വൻ സ്വീകരണം, റോഡ് ഷാേ
മലപ്പുറം: വൻ ഭൂരിപക്ഷത്തിൽ തനിക്ക് വിജയം സമ്മാനിച്ച വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിപറയാൻ രാഹുൽ ഗാന്ധി എത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിൽ എത്തിയ രാഹുലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. തുറന്ന ജീപ്പിൽ നടത്തിയ റോഡ് ഷാേയിൽ അദ്ദേഹം ആയിരങ്ങളെ അഭിവാദ്യം ചെയ്തു. തുടർന്ന് അദ്ദേഹം പ്രസംഗവേദയിൽ എത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, എംഎം ഹസൻ തുടങ്ങി നേതാക്കളുടെ വൻ നിരയും സ്വീകരണത്തിനെത്തിയിരുന്നു. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രിയങ്ക എത്തിയില്ല.
‘ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പിൽ പോരാടിയത്. ഒരുഭാഗത്ത് ഭരണഘടനയെ മുറുകെ പിടിക്കുന്നവർ. മറുവശത്ത് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നവർ. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തി.ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്.
ബിജെപി അയോദ്ധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു’ രാഹുൽ പരിഹസിച്ചു. വയനാട്ടിൽ തുടരണോ, റായ്ബറേലിയിൽ തുടരണോ എന്നുള്ള വലിയ ധർമ സങ്കടത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിനിടെ അദ്ദേഹം ഭരണഘടന ഉയർത്തി കാണിക്കുകയും ചെയ്തു.
എടവണ്ണയിലെ സ്വീകരത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുൽ കല്പറ്റയിൽ എത്തും. പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്താണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.
Source link