വെടിനിർത്തൽ: ഹമാസിന്റെ പ്രതികരണം വിലയിരുത്തിവരുന്നതായി യുഎസ്

വാഷിംഗ്ടൺ ഡിസി: ഗാസാ വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങളിൽ ഹമാസിന്റെ പ്രതികരണം വിലയിരുത്തിവരുന്നതായി യുഎസ്. നിർദേശങ്ങളോട് അനുകൂല നിലപാടാണെങ്കിലും സ്ഥിരം വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കണമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കുന്ന ഈജിപ്തിനും ഖത്തറിനുമാണു ഹമാസ് പ്രതികരണം കൈമാറിയിരിക്കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ സമിതി വക്താവ് ജോൺ കിർബി പറഞ്ഞു. പ്രതികരണം പഠിച്ച് ബന്ധപ്പെട്ട കക്ഷികളുമായി അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കുമെന്ന് ഖത്തറും ഈജിപ്തും അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞമാസം അവസാനം അവതരിപ്പിച്ച വെടിനിർത്തൽ പദ്ധതിയാണു പരിഗണനയിലുള്ളത്. യുഎൻ രക്ഷാസമിതി തിങ്കളാഴ്ച പദ്ധതിക്ക് അംഗീകാരം നല്കിയിരുന്നു. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെയും കൈമാറുന്നതും ഗാസയുടെ പുനരുദ്ധാരണവും ഉൾപ്പെടുന്ന പദ്ധതിയെ ജി-7 കൂട്ടായ്മയും പ്രമുഖ രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, പദ്ധതി സംബന്ധിച്ച ഹമാസിന്റെ മറുപടിയിൽ ഇസ്രയേലിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാൽ, ഹമാസിന്റെ പ്രതികരണം പദ്ധതി തള്ളിക്കളയുന്നതിനു തുല്യമാണെന്നു ചില ഇസ്രേലി ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്തൽ ധാരണ യാഥാർഥ്യമാക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ പര്യടനം നടത്തുകയാണ്. ഇന്നലെ അദ്ദേഹം ഖത്തറിലെത്തി. അതിനു മുന്പ് ഇസ്രയേൽ സന്ദർശിച്ചിരുന്നു. വെടിനിർത്തൽ പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധത ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയെന്നും ഇനി പുരോഗതിയില്ലെങ്കിൽ ഹമാസിനായിരിക്കും കുറ്റമെന്നും ബ്ലിങ്കൻ പറഞ്ഞിരുന്നു. അതേസമയം, നെതന്യാഹു ഇതുവരെ വെടിനിർത്തൽ ധാരണയിൽ പരസ്യപ്രതികരണത്തിനു തയാറായിട്ടില്ല.
Source link