‘സഖാവിനെ അച്ഛനെന്ന് വിളിക്കും എന്നെ അമ്മയെന്നും’, സുരേഷ് ഗോപി ഇത്രയധികം ആത്മബന്ധം സൂക്ഷിക്കുന്നതിന് കാരണമുണ്ട്
കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി ആദ്യമെത്തിയത് ഇകെ നായനാരുടെ വീട്ടിലാണ്. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നാണ് ഇ കെ നായനാരുടെ ഭാര്യ ശാരദ പറയുന്നത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.
‘കാപഠ്യമില്ലാത്ത, സ്നേഹമുള്ള തുറന്ന മനസാണ് എന്റെ സഖാവിന്റേത്. അതുകൊണ്ടാവണം സുരേഷ് ഗോപിക്ക് അദ്ദേഹത്തോട് ഇത്രയും അടുപ്പമുണ്ടാവാൻ കാരണം. അച്ഛാ എന്നാണ് സുരേഷ് ഗോപി അദ്ദേഹത്തെ വിളിക്കുന്നത്. എന്നെ ഫോൺ വിളിക്കുമ്പോഴൊക്കെ അച്ഛന് സുഖമാണോ എന്നാണ് ചോദിച്ചിരുന്നത്. എന്നെ അമ്മയെന്നാ വിളിക്കാറ്. സഖാവ് പോയപ്പോൾ അദ്ദേഹത്തിന് കൊടുത്ത സ്‌നേഹം കൂടി ഇരട്ടിയായി എനിക്ക് തരുന്നുണ്ട് ‘ – ശാരദ ടീച്ചർ പറഞ്ഞു.
‘സുരേഷ് ഒരു നല്ല വ്യക്തിയാണ്. സഖാവ് മരിച്ചതിന് ശേഷവും വീട്ടിൽ വരാറുണ്ട്. അടുത്ത് എന്തെങ്കിലും പരിപാടികൾക്ക് വന്നാൽ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. എംപിയായതിൽ സന്തോഷമുണ്ട്. ഇതിൽ നിങ്ങൾ കരുതുന്നതുപോലെ രാഷ്‌ട്രീയമൊന്നുമില്ല. രാഷ്‌ട്രീയം എന്നും വേറെയാണ്. അതും സ്‌നേഹവും തമ്മിൽ കൂട്ടിക്കുഴയ്‌ക്കരുത് ‘ – ശാരദ ടീച്ചർ വ്യക്തമാക്കി.
Source link