വാഷിംഗ്ടൺ ഡിസി: തോക്കു കേസിൽ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിനടപടിയെ മാനിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡെലാവേർ ഫെഡറൽ കോടതി ജൂറി തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ വിമാനത്തിലെത്തിയ ബൈഡൻ മകനെ ആലിംഗനം ചെയ്തു. യുഎസ് പ്രസിഡന്റ് മാത്രമല്ല, പിതാവും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഹണ്ടറിന്റെ ഇന്നത്തെ മാറ്റത്തിൽ അഭിമാനമുണ്ട്. കേസിലെ വിധി അംഗീകരിക്കും. ജുഡീഷൽ നടപടികളെ മാനിക്കും. ഹണ്ടർ അപ്പീൽ നല്കാൻ സാധ്യതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങിയെന്ന കേസിൽ ഹണ്ടർ കുറ്റക്കാരനാണെന്നാണു കോടതി ജൂറി കണ്ടെത്തിയത്. ശിക്ഷ വിധിച്ചിട്ടില്ല. 25 വർഷം വരെ തടവു ലഭിക്കാനുള്ള വകുപ്പുണ്ടെങ്കിലും ഇത്ര കഠിനമായ ശിക്ഷ പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രസിഡന്റിന്റെ അധികാരം വിനിയോഗിച്ച് മകനു മാപ്പു നല്കാനുള്ള സാധ്യത ജോ ബൈഡൻ മുന്പേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. നികുതിവെട്ടിപ്പു സംബന്ധിച്ചും ഹണ്ടറിനെതിരേ കേസുണ്ട്. ഇതിന്റെ വിചാരണ സെപ്റ്റംബറിൽ കലിഫോർണിയ കോടതിയിൽ തുടങ്ങും. 17 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.
Source link