സെബി മാളിയേക്കൽ 1990 ഏപ്രിൽ 29. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നു പന്തുമായി വലതുവിംഗിലൂടെ യു. ഷറഫലി. പെനാൽറ്റി ബോക്സിനരികിൽനിന്ന് ഇടതുവിംഗിലേക്ക് ഒരു കിടിലൻ ലോബ്. സാൽഗോക്കർ പ്രതിരോധക്കോട്ടയ്ക്കു മുകളിലൂടെ മഴവില്ലുകണക്കെ ചാഞ്ഞിറങ്ങിയ പന്തിൽ ചാട്ടുളിപോലെ ഓടിയെത്തിയ പാപ്പച്ചന്റെ മിന്നൽഹെഡർ. പതിനാറുവർഷം ഗോൾവല കാത്ത ഗോവൻ ഗോൾകീപ്പർ ബ്രഹ്മാനന്ദിന് അനങ്ങാൻ കഴിയുന്നതിനുമുന്പേ വലകുലുങ്ങി. ആർത്തലച്ച തിരമാലപോലെ ഗാലറി ഉയർന്നുപൊങ്ങി. അതൊരു ചരിത്രനിമിഷമായിരുന്നു. ഫെഡറേഷൻ കപ്പിൽ ഒരു കേരള ടീമിന്റെ ആദ്യകിരീടം. പിറ്റേന്നത്തെ പത്രങ്ങളുടെ ഒന്നാംപേജിൽ ഫെഡറേഷൻ കപ്പുയർത്തുന്ന കേരള പോലീസ് ടീമിന്റെയും കോച്ചായ ചാത്തുണ്ണിയെ ടീമംഗങ്ങൾ എടുത്ത് വായുവിൽ നിർത്തിയ ചിത്രവും. കളികഴിഞ്ഞ രാത്രിതന്നെ മുഖ്യമന്ത്രി ഇ.കെ. നായനാർ ചാത്തുണ്ണിയെ ഫോണിൽ വിളിച്ചു. “നാളെ വൈകുന്നേരം നാലരയ്ക്ക് ക്ലിഫ് ഹൗസിൽ തനിക്കും ടീമിനും എന്റെ വക പാർട്ടി…’’ അതിരാവിലെ തിരുവനന്തപുരത്തേക്ക്. മൂന്നരയോടെ തലസ്ഥാനത്ത് എത്താറായപ്പോൾ ഞാൻ പറഞ്ഞു: “വണ്ടി നേരേ ജോസഫ് സാറിന്റെ വീട്ടിലേക്കു പോട്ടെ’’. കേരള പോലീസ് ടീമിന്റെ ജീവാത്മാവായിരുന്ന മുൻ ഡിജിപി എം.കെ. ജോസഫ് ബൈപാസ് സർജറി കഴിഞ്ഞു വിശ്രമത്തിലായിരുന്നു. ഫൈനലിന്റെ തലേന്ന് ഞാനദ്ദേഹത്തെ ഫോണിൽ വിളിച്ച് തൃശൂരിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചിരുന്നു. “യാത്ര ചെയ്യാൻ പറ്റില്ല. ഞാൻ പ്രാർഥിക്കാം. നിങ്ങൾ കപ്പുംകൊണ്ട് ഇങ്ങോട്ടു വാ’’എന്നായിരുന്നു മറുപടി. ക്യാപ്റ്റൻ കുരികേശ് മാത്യു കപ്പ് അദ്ദേഹത്തിനു മുന്നിൽവച്ചു. അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഞാനും. അതോടെ ടീമംഗങ്ങളുടെ കണ്ണും നിറഞ്ഞു. സാറ് പറഞ്ഞു “സന്തോഷമായി. പോലീസ് ടീമുണ്ടാക്കുന്പോൾ എന്റെ സ്വപ്നം ഇതായിരുന്നു. അതു പൂവണിഞ്ഞു. എല്ലാർക്കും ഒരുപാടു നന്ദി.’’പിന്നെ നേരേ ക്ലിഫ്ഹൗസിലേക്ക്. ടി.കെ. ചാത്തുണ്ണി ദീപികയുമായി പങ്കിട്ട ഒരോർമയാണിത്. ഇത്തരം ഒട്ടേറെ സുന്ദരമുഹൂർത്തങ്ങൾ താരമായും പരിശീലകനായും സ്വന്തമായിരുന്നു ഇന്നലെ വിടവാങ്ങിയ ചാത്തുണ്ണിക്ക്. ◄കളിച്ചു, പഠിപ്പിച്ചു ► കാൽപ്പന്തുകളിയിൽ ഒരേസമയം അർജുനനും ദ്രോണാചാര്യരും ആയിരുന്നു അദ്ദേഹം. ആദ്യം കളിച്ചു, പിന്നെ കളി പഠിപ്പിച്ചു – രണ്ടിലും താരമായി. ഫുട്ബോൾ മാന്ത്രികനായി. ചാലക്കുടി പോലീസ് സ്റ്റേഷനു സമീപം തുന്പരത്തി കണ്ടുണ്ണിയുടെയും പാർവതിയുടെയും ആറു മക്കളിൽ രണ്ടാമനായി 1945 ജനുവരി രണ്ടിനാണ് ചാത്തുണ്ണിയുടെ ജനനം. ചാലക്കുടി സെന്റ് മേരീസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാംക്ലാസിൽ ചാലക്കുടി ഗവ. ഹൈസ്കൂളിൽ. അന്നുമുതൽ കാൽപ്പന്തുകളി തുടങ്ങി. ആലേങ്ങാടൻ റപ്പായി മാഷായിരുന്നു പ്രിയപ്പെട്ട ഗുരു. ഭക്ഷണം, ജഴ്സി, യാത്രാക്കൂലി എന്നിവ മാഷ് വക. ◄ടു സെക്കന്ദരാബാദ് ► പഠനത്തിൽ ഉത്സാഹമില്ലാത്തതിനാൽ ചാത്തുണ്ണി ഒന്‍പതിൽ തോറ്റു. നേരേ സ്കൂളിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങി. ബന്ധു അഖിലേഷും കൂടെയുണ്ട്. തൃശൂർക്കു വണ്ടികയറി. അവിടെ ഇന്ത്യൻ ആർമിയുടെ ഇഎംഇ വിഭാഗത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടായിരുന്നു. എല്ലാ ടെസ്റ്റും പാസായി, സെലക്ഷൻ കിട്ടി, പിറ്റേന്നുതന്നെ സെക്കന്ദരാബാദിലേക്ക്. അന്നു വൈകുന്നേരം ട്രെയിൻ കയറി. 1963 മേയ് 18നു ട്രെയിനിംഗ് തുടങ്ങി. ഇഎംഇയുടെ ഇന്റർ ബറ്റാലിയൻ ടീമിൽ ഇടംനേടി. തുടർന്ന് ജൂണിയർ ടീമിലേക്ക്. ആർമി സ്റ്റാഫിന്റെ ചീഫ് ജനറൽ ജെ.എൻ. ചൗധരിയുടെ നേതൃത്വത്തിൽ എല്ലാ ആർമി റെജിമെന്റിലെയും കളിക്കാരെ കൂട്ടി ഒരു അണ്ടർ 19 ടീം. അന്‍പതു പേരെ തെരഞ്ഞെടുത്തു. ആറു മാസം കഴിഞ്ഞ് ടീമിനെ തെരഞ്ഞെടുത്തു. “ഡൽഹി ഗാരിസണ്‍’’ എന്ന ടീമിൽ ചാത്തുണ്ണിയും ഉൾപ്പെട്ടു. ഡൽഹി ഗാരിസണ്‍ പല ടൂർണമെന്റുകളും ജയിച്ചു. പ്രസിദ്ധമായ ഡൂറന്റ് കപ്പിൽ കളിക്കാൻ എൻട്രി ലഭിച്ചു. ക്വാർട്ടറിൽ എതിരാളികൾ ഈസ്റ്റ് ബംഗാൾ. ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ ഗാരിസൺ വീഴ്ത്തിയതോടെ പ്രതിരോധത്തിൽ ഉറച്ചുനിന്ന ചാത്തുണ്ണിയടക്കമുള്ള താരങ്ങൾ പ്രശസ്തരായി. 1965ലെ ഇന്ത്യ-പാക്ക് യുദ്ധത്തോടെ ടീം പിരിച്ചുവിട്ടു. പിന്നീട് വിവിധ ക്ലബ്ബുകൾ. പതിനഞ്ചുവർഷത്തെ കളിജീവിതത്തിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കായി സന്തോഷ് ട്രോഫി കളിച്ചു. 1970-ൽ റഷ്യ, 73ൽ ജർമനി ടീമുകൾക്കെതിരേ ഇന്ത്യൻ ഇലവനിലും അതേവർഷം ക്വലാലംപുരിൽ നടന്ന മെർദേക്ക ടൂർണമെന്റിലും ഇന്ത്യക്കായി ബൂട്ടണിഞ്ഞു. ◄പരിശീലകൻ ► 78ൽ ബാംഗ്ലൂർ എൻഐഎസിൽ പരിശീലകനാകാനുള്ള കോഴ്സിൽ ചേർന്നു. 1979 ഓഗസ്റ്റ് 18നു കേരള സ്പോർട്സ് കൗണ്‍സിലിൽ. ആദ്യം തിരുവനന്തപുരം ടൈറ്റാനിയത്തിൽ കോച്ച്. തൃശൂരിൽ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മൂന്നു വർഷം നീണ്ട ഫുട്ബോൾ കോച്ചിംഗ് ക്യാന്പ്. 500 കുട്ടികളിൽനിന്ന് ഇരുപത്തഞ്ചു പേരെ തെരഞ്ഞെടുത്തു. ഈ പരിശീലനത്തിലാണ് ഐ.എം. വിജയനെ കണ്ടെത്തുന്നത്. എ സർട്ടിഫിക്കറ്റോടെയാണ് വിജയൻ പരിശീലനം പൂർത്തിയാക്കിയതെന്ന് ചാത്തുണ്ണിയുടെ ഓർമക്കുറിപ്പിലുണ്ട്. ചാത്തുണ്ണിയുടെ കത്ത് അന്നത്തെ കേരള പോലീസ് കോച്ചായ എം.എം. ശ്രീധരനു നൽകിയതിനെതുടർന്നാണ് 87ലെ സന്തോഷ് ട്രോഫി ക്യാന്പിലേക്ക് വിജയനെ ചേർത്തതും പതിനേഴാംവയസിൽ ഐ.എം. വിജയൻ സന്തോഷ് ട്രോഫി കളിച്ചതും. തുടർന്ന് വിവിധ ജില്ലകൾ, കോളജുകൾ, സാൽഗോക്കർ, മോഹൻ ബഗാൻ ഉൾപ്പെടെ ഇന്ത്യയിലെ മുഴുവൻ മുൻ നിര ടീമുകളെയും പരിശീലിപ്പിച്ചു. 2016ൽ വിവ ചെന്നൈയിൽ ടെക്നിക്കൽ ഡയറക്ടറായി നാലു പതിറ്റാണ്ടു നീണ്ട മഹാദൗത്യത്തിനു വിരാമമിട്ടു. ◄ബോൾഹൗസ് ► ചെറുപ്പംമുതലേ കാൽപ്പന്തിനോടു ഭ്രാന്തമായ ഒരാവേശമായിരുന്നു ചാത്തുണ്ണിക്ക്. അതുകൊണ്ടാണു വീടിനു ബോൾഹൗസ് എന്നു പേരിട്ടത്. പൂന്തോട്ടത്തിലെ ചെടികൾക്കുപോലും ഫുട്ബോൾ രൂപമാണ്. വീട്ടിലെ ടീപ്പോയ്, ഓഫീസ് റൂമിലെ ടേബിൾ, ഫ്ലവർവേസ്, ഡൈനിംഗ് ടേബിൾ എന്നിങ്ങനെ സർവം ഫുട്ബോൾമയം. ഈ അഭിനിവേശം അവസാനംവരെയും തുടർന്നതിനാലാണ് ഇടതുകൈയിൽ “ഫുട്ബോൾ ഈസ് മൈ സോൾ’’ എന്നും വലതുകൈയിൽ ഫുട്ബോളിന്റെ ചിത്രവും മായ്ക്കാനാവാത്തവിധം പച്ചകുത്തിയിരുന്നതും. ◄കളിച്ച ടീം► ഇഎംഇ സെന്റർ, സെക്കന്ദരാബാദ്, ഡൽഹി ഗാരിസൺ, സർവീസസ്, വാസ്കോ, ഗോവ, ഗോവ സ്റ്റേറ്റ് ടീം (സന്തോഷ് ട്രോഫി), ഒാർകെ മിൽസ്, ബോംബെ, മഹാരാഷ്ട്ര സ്റ്റേറ്റ് ടീം (സന്തോഷ് ട്രോഫി), ഇന്ത്യൻ ടീം (മെർദേക്ക ടൂർണമെന്റ്, ക്വലാലംപുർ), ഇന്ത്യൻ ഇലവൻ (റഷ്യ, ജർമനി എന്നിവയ്ക്കെതിരേ). ◄പരിശീലിപ്പിച്ച ടീം► കേരള സ്പോർട്സ് കൗൺസിൽ (ടെെറ്റാനിയം തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ല, ക്രെെസ്റ്റ് – കേരളവർമ കോളജുകൾ), കേരള പോലീസ്, എംആർഎഫ്, ചർച്ചിൽ ബ്രദേഴ്സ്, കെഎസ്ഇബി, സാൽഗോക്കർ, മോഹൻ ബഗാൻ, ഡെംപോ, എഫ്സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രഡ്സ്, ജോസ്കോ എഫ്സി, വിവ ചെന്നൈ (ടെക്നിക്കൽ ഡയറക്ടർ).
Source link