മൂന്നാം മോദി സർക്കാർ നേരിടുന്ന ആദ്യത്തെ കടുത്ത വെല്ലുവിളി ഘടകകക്ഷികളിൽ നിന്നല്ല, മറികടക്കുക ഏറെ പ്രയാസം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങൾ, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിൽ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയിൽ ജനുവരി മാസത്തിന് ശേഷം അൻപത് ശതമാനത്തിലധികം വർദ്ധനയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം ചൂട് കുത്തനെ കൂടിയതോടെ ചരക്ക് നീക്കം പ്രതിസന്ധിയിലായതും വില കൂടാൻ കാരണമായി. ഇഞ്ചി, വെളുത്തുള്ളി, ബീൻസ് എന്നിവയുടെ വിലയും കുത്തനെ കൂടി.

ഏപ്രിലിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.8 ശതമാനത്തിന് അടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മേയിലെ നാണയപ്പെരുപ്പം കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് അനലിസ്റ്റുകൾ പറയുന്നു. രാജ്യത്തെ പ്രധാന കാർഷിക മേഖലകളിൽ അന്തരീക്ഷ ഉൗഷ്മാവ് 45 ഡിഗ്രിയ്ക്ക് മുകളിലെത്തിയതിനാൽ കനത്ത ഉത്പാദനത്തകർച്ചയാണ് നേരിട്ടത്.

സർക്കാരിന് എളുപ്പമല്ല

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിന് ഭക്ഷ്യ വിലക്കയറ്റം കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്. വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് ഉപഭോഗം കുറയ്ക്കുന്നതിനാണ് ഇതുവരെ റിസർവ് ബാങ്ക് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ വായ്പാ പലിശ 2.5 ശതമാനം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ ഇനിയും കൂട്ടാൻ കഴിയില്ല. അതിനാൽ സാധനങ്ങളുടെ ലഭ്യത വർദ്ധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ശ്രമം.

കയറ്റുമതി നിയന്ത്രണം ശക്തമായേക്കും

വിലക്കയറ്റം പിടിച്ചുനിറുത്താനായി പച്ചക്കറികൾ, ധാന്യങ്ങൾ, സവാള, അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണം ശക്തമാക്കിയേക്കും. വിപണിയിൽ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിനാകും സർക്കാർ മുൻഗണനയെന്ന് വിദഗ്ദ്ധർ പറയുന്നു.


Source link
Exit mobile version