കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടിത്തത്തിൽ മലയാളികൾ അടക്കം നിരവധി പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം തെക്കൻ കുവൈറ്റിൽ മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തതിൽ മരിച്ച മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. ആകെ 11 മലയാളികൾ മരിച്ചതായാണ് വാർത്താ ഏജൻസികളിൽ നിന്നുള്ള വിവരം. 49 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 30 പേരും ഇന്ത്യക്കാരാണ്. മരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.
പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. തീപിടിത്തത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. അകത്തു കുടുങ്ങിപ്പോയ കുറേപ്പേര്‍ പുക ശ്വസിച്ചും മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണത്തിന് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷേഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു.
Source link