മുഖ്യമന്ത്രി പിണറായി വിജയന് അടുത്തിടെയായി നല്ല പുരോഗതിയുണ്ടെന്ന് മറ്റാരേക്കാളും നന്നായി മനസിലായത് രമേശ് ചെന്നിത്തലയ്ക്കാണ്. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് ചെന്നിത്തല സഭയിൽ അത് വെളിപ്പെടുത്തിയത്. ആദ്യം മുഖ്യമന്ത്രി നടത്തിയത് പരനാറി പ്രയോഗം. അതു കഴിഞ്ഞ് നികൃഷ്ട ജീവി പ്രയോഗം. ഇപ്പോൾ വിവരദോഷിയെന്നായി.നല്ല പുരോഗതി
ധനാഭ്യർത്ഥനകളിന്മേലാണ് ചർച്ച നടക്കേണ്ടിയിരുന്നതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തവർ അതിന്റെ വീര്യത്തിലും കോട്ടം തട്ടിയവർ പ്രതിരോധത്തിലും പദമൂന്നി കത്തിക്കയറിയപ്പോൾ ചർച്ചകൾ തീർത്തും രാഷ്ട്രീയമായി. താത്വികാവലോകന ശൈലിയിൽ ചർച്ച തുടങ്ങിയ എം.വി.ഗോവിന്ദൻ പതിവ് പോലെ വിവിധ വീക്ഷണ കോണുകളിലൂടെ കാര്യങ്ങൾ വിശദമാക്കി. ശരിക്കും വോട്ടു കൂടുതൽ കിട്ടിയത് ഇടതുപക്ഷത്തിനാണെങ്കിലും ജയിച്ചത് യു.ഡി.എഫായിപ്പോയി എന്ന മട്ടിലാണ് അദ്ദേഹം തന്റെ വീക്ഷണങ്ങൾ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ ഊഴം.
എം.വി.ഗോവിന്ദൻ പറഞ്ഞതൊന്നും ജനങ്ങൾക്ക് മനസിലായില്ലെന്ന ചെന്നിത്തലയുടെ ആമുഖം കേട്ടപ്പോൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും ചെറിയ ചിരി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സി.പി.ഐയിൽ തന്നെ ആക്ഷേപമുണ്ടെന്ന് പറഞ്ഞ ചെന്നിത്തല , തന്റേതായ ചെറിയ ഭേദഗതിയോടെ ഒരു പഴഞ്ചൊല്ലും തട്ടിവിട്ടു, ‘കാഞ്ഞിരത്തിൻ കുരു ആയിരം വർഷം പാലിലിട്ടാലും കയ്പ് മാറുമോ സർ’ എന്ന്. സി.പി.എം വോട്ടുകൾ കുത്തനെ ബി.ജെ.പിയിലേക്ക് പോയെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ ഭരണപക്ഷത്തു നിന്ന് യു. പ്രതിഭയുടെ കമന്റ്, ഹരിപ്പാട്ട് യു.ഡി.എഫ് വോട്ടു കുറഞ്ഞല്ലോ എന്ന്. ഉരുളക്ക് ഉപ്പേരി പോലെ ചെന്നിത്തലയുടെ പ്രതികരണം, ‘ഹരിപ്പാട്ട് കുറഞ്ഞു , കായംകുളത്തും കുറഞ്ഞിട്ടുണ്ട്.’ അതോടെ പ്രതിഭ കുട മടക്കി.
ഇന്ത്യ മുന്നണിയുടെ യോഗത്തിന് പോയപ്പോൾ വല്ലാത്തൊരു ഊർജ്ജം കാണാനായതിന്റെ ആവേശത്തിലായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് തിരിച്ചു വന്നതോടെ ഇന്ത്യാരാജ്യം രക്ഷപ്പെട്ടുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ഭരണപക്ഷത്തിന് ചെറിയൊരു കുത്തും കൊടുത്തു. ഇന്ത്യാ മുന്നണിയോഗത്തിൽ മുഖ്യകാർമികത്വം വഹിച്ചത് സീതാറാം യെച്ചൂരിയും രാജയുമൊക്കെയായിരുന്നു. അസാദ്ധ്യമായതിനെ സാദ്ധ്യമാക്കിയ പ്രതിഭാസമെന്നാണ് രാഹുൽഗാന്ധിയെ പി.സി വിഷ്ണുനാഥ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ഏക സി.പി.എം മുഖ്യമന്ത്രി പ്രചാരണത്തിന് പോകാതെ എവിടെയായിരുന്നുവെന്നും വിഷ്ണുനാഥ് ചോദിച്ചു.
തൊട്ടു പിന്നാലെ എത്തിയ പി.കെ.ബഷീറും ഇന്ത്യ മുന്നണിയുടെ വിജയാവേശത്തിൽ തന്റെ പതിവ് ശൈലിയിൽ കത്തിക്കയറി.ഇടതുപക്ഷത്തിന്റെ തറവാട് സ്വത്തല്ലേ ത്രിപുര, തറവാട് സ്വത്തല്ലേ ബംഗാൾ. കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരു ലോക്സഭാ സീറ്റെങ്കിലും കിട്ടിയോ എന്നതായിരുന്നു ബഷീറിന്റെ ചോദ്യം. മുഖസ്തുതി അല്ലാതെ നിങ്ങടെ പാർട്ടിക്ക് വേറെന്തെങ്കിലുമുണ്ടോ. നവകേരള സദസ് , വിലയിരുത്തൽ, സംവാദം. ആ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു സീറ്ര് കിട്ടി. ബാക്കിയെല്ലാം പോയില്ലെ. . ഞങ്ങൾ അധികാരത്തിലെത്തിയാൽ നിങ്ങടെ അന്തകനായ ആ നവ കേരള ബസ് മ്യൂസിയത്തിൽ വയ്ക്കും. എന്റെ സുഹൃത്ത് ഷാഫി വടകരയിൽ മത്സരിക്കുമ്പോൾ നിങ്ങടെ സൈബറുകൾ മ്മടെ കൊടിയും വച്ച് ഫ്ളക്സുണ്ടാക്കി ഷാഫിയുടെ പടവും വച്ച് ഇയാൾ പാക്കിസ്ഥാനിൽ നിന്നാണോ വരുന്നതെന്ന് പ്രചരിപ്പിച്ചു. നിങ്ങൾക്ക് ഉളുപ്പുണ്ടോ? . ബഷീറിന്റെ പ്രയോഗം അൺ പാർലമെന്ററിയെന്ന് സ്പീക്കർ പറഞ്ഞപ്പോൾ, അതിന് പകരം മലയാളം വാക്കെന്താണെന്നായി ബഷീറിന്റെ ചോദ്യം. കോഴിക്കോട് മണ്ഡലത്തിൽ ഹിന്ദുമേഖലയിൽ ചെല്ലുമ്പോൾ എളമരം കരീമെന്നും മുസ്ലീം മേഖലയിൽ ചെല്ലുമ്പോൾ മ്മടെ കരീമിക്ക എന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയതെന്നും ബഷീർ പരിഹസിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലേക്ക് ഒരിക്കൽ ചെല്ലുമ്പോൾ ലിഫ്റ്രിന് സമീപം രണ്ട് പേർ ആരെയോ സ്വീകരിക്കാൻ നിൽക്കുന്നു. പോളിറ്റ് ബ്യൂറോ മെമ്പർമാർ ആരെങ്കിലുമാവും വരുന്നതെന്ന് കരുതി നിൽക്കുമ്പോൾ അതാ വരുന്നു തലയിൽകെട്ടുമായി രണ്ട് മൊയലിയാക്കന്മാർ. ശിവൻകുട്ടി എഴുന്നേറ്റു നിന്ന് ആദരിച്ചാണ് അവരെ മുറിയിലേക്ക് കൊണ്ടുപോയത്. വാട്ട് ഹാപ്പെൻഡ് ടു യു ശിവൻകുട്ടി എന്നു കൂടി ബഷിർ പറഞ്ഞതോടെ സഭയിൽ കൂട്ടച്ചിരിയായി.
Source link