ട്രക്കിൽ രാജ്യം ചുറ്റി മൂന്നു പെണ്ണുങ്ങൾ
കോട്ടയം: ഏറ്റുമാനൂരിലെ പുത്തേട്ട് ലോറി ട്രാൻസ്പോർട്ട് ഉടമ രതീഷ് 19-ാം വിവാഹവാർഷിക ദിനത്തിൽ ട്രക്കിന്റെ താക്കോൽ ഭാര്യ ജലജയ്‌ക്ക് നൽകി. 2022 ഫെബ്രുവരി രണ്ടിന് രതീഷിനൊപ്പം ചരക്കുമായി ജലജ കാശ്‌മീരിലേക്ക് ഫസ്റ്റ് ഗിയറിട്ടത് പുതിയ ജീവിതയാത്രയ്ക്കാണ്. വൈകാതെ കുടുംബത്തിലെ രണ്ട് വനിതകൾ കൂടി ഡ്രൈവർമാരായി. ഡിഗ്രി വിദ്യാർത്ഥിയായ മകൾ ദേവികയും സഹോദരൻ രാജേഷിന്റെ ഭാര്യ സൂര്യയും. മൂന്നുപേരും എക്സ്‌പർട്ട് ഡ്രൈവർമാരായതോടെ 30 ലോറികളുള്ള രതീഷ് ത്രില്ലിലാണ്. പുത്തേട്ട് ട്രാൻസ്പോർട്ട് വ്ളോഗിലൂടെ വനിതകൾ വളയംപിടിക്കുന്ന ലോറിയാത്രയുടെ വിശേഷങ്ങൾ ലോകമറിയുകയാണ്.
പ്ളൈവുഡും റബറും സവാളയും ഇഞ്ചിയുമൊക്കെയായി 22 സംസ്ഥാനങ്ങൾ മൂവരും ചുറ്റിക്കറങ്ങി. കാശ്‌മീരിനു പിന്നാലെ മഹാരാഷ്ട്രയിലേക്കും നേപ്പാളിലേക്കുമൊക്കെ യാത്ര. ഹരിദ്വാറും ഋഷികേശും ചുറ്റുമ്പോൾ രതീഷിന്റെ അമ്മ ലീലയെയും കൂട്ടി. ജലജ ഹെവി ലൈസൻസെടുത്തത് 2018ൽ. വൈകാതെ സൂര്യയും, വിദ്യാർത്ഥിയായ ദേവികയും ലൈസൻസെടുത്തു. എറണാകുളം രാജഗിരി കോളേജിലും ദേവിക താരമാണ്. അനിയത്തി ഗോപിക ലൈസൻസിനായി കാത്തിരിക്കുന്നു.
കൂട്ടുകുടുംബം
25കൊല്ലം മുമ്പ് എരുമേലിയിൽ നിന്ന് ഏറ്റുമാനൂരിൽ കുടിയേറിയതാണ് രതീഷും രാജേഷും. താമസം ഒറ്റവീട്ടിൽ. ഏപ്രിൽ – മേയിൽ ലക്‌നൗ,ഷില്ലോംഗ് യാത്രകളിൽ ജലജയും സൂര്യയും ദേവികയും ഡ്രൈവർമാരായി. രതീഷും സൂര്യയുടെ മക്കളായ ഗംഗയും രണ്ടര വയസുകാരി ദക്ഷയും ഒപ്പംകൂടി. ക്യാബിനിൽ അധികമായി എ.സി ഘടിപ്പിച്ചു. ഉറക്കം ലോറിയിൽ. വഴിയരികിൽ പാചകം.
ആരാധകരേറെ
കാശ്‌മീർ യാത്രയിലെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾ ചോദിച്ചു. ഷൂട്ട്ചെയ്ത് യൂട്യൂബിലിട്ടു. രതീഷാണ് ക്യാമറാമാൻ. ജലജ വ്ളോഗറും. വരിക്കാർ 3.75 ലക്ഷം. ആരാധകരിൽ വിദേശികളും. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഇവരെ കാണാൻ ആളുകളെത്തുന്നുണ്ട്.
Source link