CINEMA

വിവാഹിതനായ ദർശനെ 10 വർഷം പ്രണയിച്ച നടി: ആരാണ് പവിത്ര ഗൗഡ ?

വിവാഹിതനായ ദർശനെ 10 വർഷം പ്രണയിച്ച നടി: ആരാണ് പവിത്ര ഗൗഡ ? | avithra Gowda Darshan

വിവാഹിതനായ ദർശനെ 10 വർഷം പ്രണയിച്ച നടി: ആരാണ് പവിത്ര ഗൗഡ ?

മനോരമ ലേഖകൻ

Published: June 12 , 2024 10:56 AM IST

Updated: June 12, 2024 11:03 AM IST

2 minute Read

പവിത്ര ഗൗഡയ്‌ക്കൊപ്പം ദർശൻ, ഭാര്യ വിജയ ലക്ഷ്മിക്കൊപ്പം താരം

കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡയും വാര്‍ത്തകളില്‍ നിറയുകയാണ്. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം പവിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ബന്ധത്തിന്റെ പേരിൽ ദർശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ വാക്പോര് നടന്നിരുന്നു.
2017ൽ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ ഫോട്ടോ ആക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് പിന്നീട് കന്നഡ സിനിമാലോകത്തും ചർച്ചയായി. ആരാധകരും പവിത്രയ്‌ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് നടി ഈ ചിത്രങ്ങള്‍ നീക്കം ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ പവിത്ര വീണ്ടും ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവച്ചു.

ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു റീൽ. ദര്‍ശനൊപ്പമുള്ള ജീവിതം 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിച്ചു. ആ സമയത്ത് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അവർക്കുള്ള മറുപടിയെന്നോളമായിരുന്നു ഈ റീല്‍. എന്നാൽ ദർശനൊപ്പമുള്ള പവിത്രയുടെ വിഡിയോ വിജയലക്ഷ്മിയുടെ കോപം വർധിക്കാൻ കാരണമായി.

ഭര്‍ത്താവ് സഞ്ജയ് സിങ്ങിനും മകള്‍ ഖുശി ഗൗഡയ്ക്കുമൊപ്പമുള്ള പവിത്രയുടെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തായിരുന്നു വിജയലക്ഷ്മിയുടെ പ്രതികാരം. മറ്റൊരാളുടെ ഭര്‍ത്താവുമൊന്നിച്ചുള്ള റീല്‍ പങ്കുവെയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താൽപര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി ഈ പോസ്റ്റില്‍ പറയുന്നു. തന്റെ കുടുംബത്തിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും പവിത്രയ്‌ക്കെതിരെ നിമയപരമായി നീങ്ങുമെന്നും വിജയലക്ഷ്മി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ഇപ്പോഴും വിജയലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പേജില്‍ കാണാം.

തുടർന്ന് പവിത്രയും ഇതിനു മറുപടിയുമായി എത്തി. സ്വന്തം താൽപര്യങ്ങള്‍ക്കുവേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒരുമിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും ഈ ചിത്രത്തിനൊപ്പം പവിത്ര കുറിച്ചു. വിജയലക്ഷ്മിയുടെ അറിവോടെയാണ് ഈ ബന്ധം മുന്നോട്ടുപോയിരുന്നതെന്നും അതില്‍ അവർക്കൊരു പ്രശ്‌നമില്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും പവിത്ര പറയുന്നു. ഇപ്പോള്‍ ആളുകള്‍ തനിക്കും തന്റെ കൗമാരക്കാരിയായ മകള്‍ക്കുമെതിരെ വെറുപ്പ് പരത്തുകയാണെന്നും അത് തന്റെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നുണ്ടെന്നും അവര്‍ കുറിച്ചു. ദര്‍ശന്‍ ഇക്കാര്യത്തില്‍ യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. നേരത്തെ ദര്‍ശന്റെ പിറന്നാള്‍ ദിവസത്തില്‍ പവിത്ര ഗൗഡ പാര്‍ട്ടി നടത്തിയിരുന്നു. പവിത്രയുടെ മകളുടെ പിറന്നാള്‍ ദിവസം ദര്‍ശന്‍ വീട്ടിലെത്തുകയും പവിത്രയുടെ മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു.

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര.  18-ാം വയസ്സിൽ ചാമരാജ്പേട്ട സ്വദേശിയായ സഞ്ജയ് സിങ്ങുമായി പവിത്ര വിവാഹിതരായി. പ്രണയ വിവാഹമായിരുന്നു. ദമ്പതികൾക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവർഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതൽ പവിത്ര മകൾക്കൊപ്പമാണ് താമസം. 2015 മുതല്‍ ദര്‍ശന്റേയും പവിത്രയുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 2017-ലാണ് ദര്‍ശനൊപ്പമുള്ള ചിത്രം ആദ്യമായി പവിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

2000 മെയ് 14-നായിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011-ല്‍ ദര്‍ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദര്‍ശന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇൗ കൊലപാതക വാർത്ത പുറത്ത് വന്നതിന് ശേഷം വിജയലക്ഷ്മി പൊതുസമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുകയും മൗനം പാലിക്കുകയുമാണ്. സമൂഹ മാധ്യമങ്ങളിൽ നിന്നും ഭർത്താവായ ദർശനെ അൺഫോളോ ചെയ്യുകയും ചെയ്തു.
കൊല്ലപ്പെട്ട രേണുകസ്വാമി, ദർശന്റെ കടുത്ത ആരാധകൻ 

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസിൽ, കൊല്ലപ്പെട്ട രേണുകസ്വാമി നടൻ ദർശൻ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തൽ. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ രേണുക സ്വാമി എതിർത്തത്. ഇരുവരെയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതിനെ തുടർന്നുണ്ടായ വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

English Summary:
Who is Pavithra Gowda?

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-darshan-thoogudeepa f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaya-lakshmi-darshan- 49fmndg03lt29kd5poevc3ghi8 mo-entertainment-common-sandalwood


Source link

Related Articles

Back to top button