മോദി ശക്തൻ, അഴിമതിയില്ല, സി.പി.എമ്മിനെ സ്നേഹിക്കുന്നവർ വീഴ്ച തുറന്നുപറയണം: ജി.സുധാകരൻ

ആലപ്പുഴ: നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും അദ്ദേഹത്തിനൊപ്പം മികച്ച ക്യാബിനറ്റ് ടീം ഉണ്ടായിരുന്നെന്നും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. സംസ്ഥാന ഭരണത്തിൽ വീഴ്ചയുണ്ടെങ്കിൽ സി.പി.എമ്മിനെ സ്നേഹിക്കുന്നവർ തുറന്നു പറയണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പിണറായി സർക്കാരിനെ പരോക്ഷമായി വിമർശിക്കുന്ന അഭിപ്രായപ്രകടനം. രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യശുദ്ധി കുറഞ്ഞുവരികയാണ്. നയിക്കാൻ പറ്റിയ നേതാക്കൻമാരില്ല. ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിലും നല്ലത്. ലീഡർഷിപ്പിന്റെ കുറവാണ് പാർട്ടികളുടെ പ്രശ്നം.
കോൺഗ്രസിന്റെ കാലത്ത് വൻ അഴിമതി ആരോപണങ്ങൾ ഉയർന്നു. എന്നാൽ മോദി സർക്കാരിൽ അഴിമതി പൊട്ടിയൊഴുകുന്നില്ല. ഇതിന് നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരെ ഉദാഹരണങ്ങളായി സുധാകരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയാൻ പറ്റില്ല. പ്രസ്ഥാനത്തെയും ഗവൺമെന്റിനെയും എതിർക്കുന്നവരും അനുകൂലിക്കുന്ന ചിലരും അങ്ങനെ പറയുന്നുണ്ട്. എന്ത് കാര്യമായാലും പിണറായി വിജയന്റെ തലയ്ക്ക് മാത്രംവയ്ക്കാനും കഴിയില്ല. പിണറായിയെ മാത്രമായി അങ്ങനെ കരുതേണ്ട കാര്യമെന്താ? ഒരാൾ വിചാരിച്ചാൽ ജനങ്ങളെ മുഴുവൻ അടക്കിനിറുത്താൻ പറ്റുമോ. ഇവിടെ മുഖ്യമന്ത്രിമാരായി ഒരുപാടുപേരുണ്ടായില്ലേ. അവസാനത്തെ ആളല്ലേ പിണറായി. ഇ.എം.എസും നായനാരും വി.എസുമുൾപ്പെടെ മുഖ്യമന്ത്രിയായിരുന്നല്ലോ. പിണറായിയെ മാത്രം എന്തിനാ അങ്ങനെ പറയുന്നെ?
വീഴ്ചയുണ്ടേൽ നിങ്ങൾക്ക് പറയാം. പേടിച്ച് പറയത്തില്ല. ഇത്തരക്കാരെ സൂക്ഷിക്കണം. സ്വാർത്ഥൻമാരാണിവർ. അവർക്കെന്തോ കാര്യം സാധിക്കാനുണ്ട്. പേടിച്ചല്ല, കാര്യസാദ്ധ്യത്തിനാ. പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ വീഴ്ച തുറന്നുപറയണം. അങ്ങനെയുള്ളവർ വളർന്നുവരണം. അതിന്റെ കുറവാണ് വോട്ട് കുറച്ചതെന്നും സുധാകരൻ ആരോപിച്ചു.
Source link