ലോക കേരള സഭ നാലാം സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം നാളെ മുതൽ 15 വരെ നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങൾ പങ്കെടുക്കും. എം.എൽ.എമാർ,എം.പിമാർ,ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യയ്‌ക്ക് പുറത്തുള്ളവർ,മറ്റ് സംസ്ഥാനങ്ങളിലുള്ളവർ,തിരികെയെത്തിയ പ്രവാസികൾ,തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ കാർഡ് ഉടമകൾ എന്നിവർ ഉൾപ്പെടെയാണിത്.

നാളെ നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും. ‘എക്‌സോ 2024 അതിരുകൾക്കപ്പുറം” എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം,പലായനം,പ്രതിരോധം,സമാധാനം എന്നീ വിഷയങ്ങൾ കേന്ദ്ര പ്രമേയങ്ങളാകും. മൾട്ടി ഡിജിറ്റൽ പെർഫോമൻസായാണ് രൂപകല്പന. നോവലിസ്റ്റ് ബെന്യാമിൻ, ബെന്യാമിനെന്ന കഥാപാത്രമായി രംഗത്ത് വരുന്നുവെന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.

സിനിമാ നടനും സംവിധായകനുമായ മധുപാൽ,നടന്മാരായ പ്രേംകുമാർ,അനൂപ് ചന്ദ്രൻ,ഗായകരായ സിത്താര കൃഷ്‌ണകുമാർ,ഗൗരി ലക്ഷ്മി,രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്. സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷനാണ് അണിയിച്ചൊരുക്കുന്നത്. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്‌കാരവും നിർവഹിക്കുന്നത്.
പ്രവാസി കേരളീയരുടെ കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക,സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള പൊതുവേദിയാണ് ലോക കേരള സഭ.


Source link

Exit mobile version