പാക് ജയം
ന്യൂയോർക്ക്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാന് ആദ്യ ജയം. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാൻ ഏഴു വിക്കറ്റുകൾക്ക് കാനഡയെ തോൽപ്പിച്ചു. മുഹമ്മദ് റിസ്വാൻ (53*), ബാബർ അസം (33) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. റിസ്വാൻ-അസാം കൂട്ടുകെട്ടിൽ 63 റണ്‍സാണ് പിറന്നത്. സ്കോർ: കാനഡ 20 ഓവറിൽ ഏഴു വിക്കറ്റിന് 106. പാക്കിസ്ഥാൻ 17.3 ഓവറിൽ ഏഴു വിക്കറ്റിന് 107. ടോസ് നേടി ബൗൾ ചെയ്യാനുള്ള പാക്കിസ്ഥാന്റെ തീരുമാനം തുടക്കത്തിൽ ഒന്ന് പാളിയെന്നു തോന്നിയെങ്കിലും ബൗളർമാർ ഫോമിലെത്തിയതോടെ കാനഡ തകർന്നു. ഷഹീൻ ഷാ അഫ്രിദി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തും ബൗണ്ടറി നേടിക്കൊണ്ടാണ് ആരോണ്‍ ജോണ്സണ് തുടങ്ങിയത്. എന്നാൽ മൂന്നാം ഓവർ മുതൽ കാനഡയുടെ വിക്കറ്റ് വീഴ്ചയും ആരംഭിച്ചു. എട്ടാം ഓവറിൽ കാനഡ അന്‍പത് റണ്‍സിലെത്തിയപ്പോൾ മൂന്നു വിക്കറ്റ് നഷ്ടമായി. പത്താം ഓവറിൽ രണ്ടു വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് കാനഡയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുന്പോഴും പിടിച്ചുനിന്ന ഓപ്പണർ ആരോണ്‍ ജോണ്‍സണെ 14-ാം ഓവറിൽ നസീം ഷാ ക്ലീൻബൗൾഡാക്കി. 44 പന്തിൽ 52 റണ്‍സ് നേടിയ ജോണ്സണ് നാലു ഫോറും നാലു സിക്സും നേടി. ഹാരിസ് റൗഫും മുഹമ്മദ് അമീറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Source link