KERALAMLATEST NEWS

ഫലം വരാൻ മണിക്കൂറുകൾ ബാക്കി; വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി സുരേഷ് ഗോപി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഇന്ന് രാവിലെ ആറ് മണിക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടൻ കുടുംബത്തോടൊപ്പം ദർശനം നടത്തിയിരുന്നു. ഏറ്റുമാനൂരപ്പന് തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു. തുടർന്ന് എരുമേലി അഞ്ചുകുഴി പഞ്ചതീർത്ഥ പരാശക്തി ക്ഷേത്രത്തിലും സുരേഷ് ഗോപിയും കുടുംബവും ദർശനം നടത്തി. എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവൻപാറ മലക്ഷേത്രത്തിലും താരവും കുടുംബവും എത്തിയിരുന്നു.

ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെ ഇന്ന് ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. അദ്ദേഹത്തിനുവേണ്ടി അഭ്യുദയകാംക്ഷി നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയതെന്നും വിവരമുണ്ട്. സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിന് എത്തുമെന്ന് അറിഞ്ഞ മാദ്ധ്യമങ്ങൾ അവിടെ നിലയുറപ്പിച്ചെങ്കിലും അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ചില്ല. ക്ഷേത്രത്തിൽ എത്തിയത് മുതൽ തിരിച്ചു പോകുവരെ നടന്റെ പ്രതികരണം അറിയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങാനാണ് എത്തിയതെന്നുമാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതികരണത്തിനായി മെെക്ക് നീട്ടിയ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് സംസാരിച്ചെങ്കിലും രാഷ്ട്രീയ വിഷയത്തിൽ പ്രതികരിച്ചില്ലെന്നാണ് വിവരം.


Source link

Related Articles

Back to top button