ഐപിഎൽ ക്രിക്കറ്റിന്റെ 2024 എഡിഷനു പിന്നാലെയാണ് ഐസിസി ട്വന്റി-20 ലോകകപ്പ് തുടങ്ങിയത്. 17-ാം എഡിഷൻ ഐപിഎല്ലിൽ സ്കോർ 200ഉം 250ഉം എല്ലാം വെറും സംഖ്യകൾ മാത്രമാണെന്ന രീതിയിലുള്ള വെടിക്കെട്ട് ബാറ്റിംഗായിരുന്നു ടീമുകൾ കാഴ്ചവച്ചത്. ഈ ഐപിഎല്ലിൽ എം.എസ്. ധോണി അടക്കം 12 ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് 300ന് മുകളിലായിരുന്നു. 154.69 സ്ട്രൈക്ക് റേറ്റും 61.75 ശരാശരിയുമായി 15 ഇന്നിംഗ്സിൽനിന്ന് വിരാട് കോഹ്ലി അടിച്ചുകൂട്ടിയത് 741 റണ്സും. 2024 ഐപിഎൽ ടൂർണമെന്റിന്റെ ആകെയുള്ള ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് 150.58 ആയിരുന്നു. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി വിരാട് കോഹ്ലി ഓപ്പണിംഗിൽ നടത്തിയ ആക്രമണ ബാറ്റിംഗ് അടക്കം കണ്ടാണ് ബിസിസിഐ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. കോഹ്ലിക്ക് ലോകകപ്പിലെ ആദ്യ രണ്ട് ഇന്നിംഗ്സിലും ശോഭിക്കാനായില്ല. മാത്രമല്ല, ഐപിഎല്ലിലെ സ്ട്രൈക്ക് റേറ്റിന്റെ സമീപത്തുപോലും ട്വന്റി-20 ലോകകപ്പ് സ്ട്രൈക്ക് റേറ്റ് ഇല്ലെന്നതും മറ്റൊരു വസ്തുത. ഐപിഎൽ മുകളിലേക്ക് ലോകകപ്പിൽ താഴേക്ക് 2007ൽ ഐസിസി ട്വന്റി-20 ലോകകപ്പും 2008ൽ ഐപിഎൽ ഫ്രാഞ്ചൈസി ക്രിക്കറ്റും പിറവിയെടുത്തു. 2009 മുതൽ ഇരു ടൂർണമെന്റിലെയും കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ഐപിഎല്ലിൽ സ്ട്രൈക്ക് റേറ്റ് ഓരോ സീസണിലും വർധിക്കുന്നതാണ് പതിവ്. ഐപിഎല്ലിന്റെ സ്ട്രൈക്ക് റേറ്റിന്റെ അടുത്തെങ്ങും ലോകകപ്പ് സ്ട്രൈക്ക് റേറ്റ് ഇല്ലെന്നു മാത്രമല്ല, 2016 ലോകകപ്പിനുശേഷം സ്ട്രൈക്ക് റേറ്റ് താഴേക്കാണെന്നതും ശ്രദ്ധേയം. 2009 ഐപിഎല്ലിൽ 124.73 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ലോകകപ്പിൽ 119.47ഉം. 2016 ട്വന്റി-20 ലോകകപ്പിൽ 121.76 എത്തിയതാണ് റിക്കാർഡ് സ്ട്രൈക്ക് റേറ്റ്. 2016 ഐപിഎല്ലിൽ 131.42 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ഐപിഎൽ ചരിത്രത്തിലെ റിക്കാർഡ് സ്ട്രൈക്ക് റേറ്റ് 2024ൽ (150.58) കുറിക്കപ്പെട്ടു. എന്നാൽ, 2024 ട്വന്റി-20 ലോകകപ്പിൽ ആദ്യ 21 മത്സരങ്ങൾ (ദക്ഷിണാഫ്രിക്ക x ബംഗ്ലാദേശ് മത്സരംവരെ) പൂർത്തിയായപ്പോൾ സ്ട്രൈക്ക് റേറ്റ് വെറും 106 മാത്രം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ സ്ട്രൈക്ക് റേറ്റാണിത്. ചരിത്രം ഇങ്ങനെ ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച പല വൻതാരങ്ങളും ലോകകപ്പിൽ അത്രയ്ക്ക് തിളങ്ങാറില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം. ഐപിഎല്ലുമായി തട്ടിച്ചു നോക്കുന്പോൾ ലോകകപ്പിൽ കൂടുതൽ സ്ട്രൈക്ക് റേറ്റുള്ളത് ശ്രീലങ്കൻ മുൻതാരങ്ങളായ മഹേല ജവർധനയ്ക്കും തിലകരത്നെ ദിൽഷനും മാത്രമാണ്. വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, രോഹിത് ശർമ, ഡേവിഡ് വാർണർ, ജോസ് ബട്ലർ, എബി ഡിവില്യേഴ്സ് തുടങ്ങിയവർക്കെല്ലാം ലോകകപ്പിനേക്കാൾ കൂടുതൽ സ്ട്രൈക്ക് റേറ്റ് ഐപിഎല്ലിലാണ്.
Source link