‘എല്ലാം സുരേഷേട്ടനുവേണ്ടി’, ആറടി നീളമുളള ശൂലം തറച്ച് ആരാധകന്റെ വഴിപാട്

തൃശൂർ: സുരേഷ്ഗോപിയുടെ തൃശൂരിലെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് പാർട്ടിയും ആരാധകരും. കേരളത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന സന്തോഷത്തിലാണ് അണികൾ. ഫലം വന്നതിനുപിന്നാലെ കുടുംബത്തിനും സഹപ്രവർത്തകർക്കും പായസം നൽകിയാണ് അദ്ദേഹം വിജയം ആഘോഷിച്ചത്. എന്നാൽ സുരേഷ്ഗോപിയുടെ വിജയം വേറിട്ട രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് ഒരു ആരാധകൻ.
കവിളത്ത് ആറടി നീളമുളള ശൂലം തറച്ചാണ് ഇയാൾ സുരേഷ്ഗോപിക്കായി വഴിപാട് കഴിച്ചിരിക്കുന്നത്. തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലുളള മുരുക ക്ഷേത്രത്തിലെത്തിയാണ് ഇയാൾ വഴിപാട് കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ സുരേഷേട്ടന്റെ വിജയത്തിനുവേണ്ടിയുളള വഴിപാടാണെന്ന് ആരാധകൻ പറയുന്നുണ്ട്. ശേഷം ശൂലം തറച്ച് ക്ഷേത്രത്തിന് ചുറ്റും നടക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാം.
കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായത്. സംസ്ഥാനത്തെ താര മണ്ഡലങ്ങളിലൊന്നായ ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പോര് തുടങ്ങിയിരുന്നു. വൻ ഭൂരിപക്ഷത്തോടെയാണ് സുരേഷ്ഗോപി വിജയിച്ചത്. 4,12,338 വോട്ടുകളാണ് അദ്ദേഹംനേടിയത്.
അതേസമയം, മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി, മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്നും സുരേഷ്ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞെന്നും 2019ൽ തന്നെ ജയിപ്പിക്കുന്നതിൽ സങ്കോചം ഉണ്ടായി. താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.
Source link