കൊട്ടിയൂർ: വൈശാഖ മഹോത്സവ കാലത്തുള്ള നാല് ചതുശ്ശതം പായസ നിവേദ്യങ്ങളിൽ മൂന്നാമത്തേതായ ആയില്യം നാൾ ചതുശ്ശതം വലിയ വട്ടളം പായസം ഇന്ന് പെരുമാൾക്ക് നിവേദിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പമാണ് പായസം നിവേദിക്കുന്നത്. പൊന്മലേരി കോറോം തറവാടിനാണ് ആയില്യം ചതുശ്ശതത്തിനുള്ള അവകാശം. അരി, നാളികേരം, ശർക്കര, കദളിപ്പഴം, എന്നീ നാല് പദാർത്ഥങ്ങൾ പ്രധാനമായും പ്രത്യേക അനുപാതത്തിൽ ചേർത്ത് തയ്യാറാക്കുന്നതിനാലാണ് ചതുശ്ശതം എന്നു പറയുന്നത്. നെയ്യ്, കരിമ്പ്, കൽക്കണ്ടം, തേൻ എന്നീ വിശിഷ്ട പദാർത്ഥങ്ങളും തോതനുസരിച്ച് ചേർക്കാറുണ്ട്.
വൈശാഖ മഹോത്സവത്തിന് ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പെരുമാളെ ദർശിക്കാനായി ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു. രാവിലെ മുതൽ ആരംഭിച്ച ഭക്തജന പ്രവാഹത്തിന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് നേരിയ കുറവുണ്ടായത്.
ഞായറാഴ്‌ച പുലർച്ചെ നാലിന് ആരംഭിച്ച ഗതാഗതക്കുരുക്ക് ഒഴിവായത് രാത്രി 10 മണിയോടെയാണ്. കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളും തുറന്നു കൊടുത്തിട്ടും വഴിയോരങ്ങളിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്തശേഷം ഭക്തജനങ്ങൾ കിലോമീറ്ററുകൾ നടന്നുപോയിട്ടും ഗതാഗത കുരുക്ക് 18 മണിക്കൂറിൽ അധികം നീണ്ടു. വാഹനങ്ങളിൽ രണ്ട് കിലോമീറ്റർ താണ്ടാൻ രണ്ടര മണിക്കൂറിലധികം സമയം വേണ്ടിവന്നു. കണിച്ചാർ മുതൽ 12 കിലോമീറ്റർ ദൂരം മലയോര ഹൈവേയിലാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.
കൊട്ടിയൂർ ക്ഷേത്രം മുതൽ മാനന്തവാടി റോഡിലും ഗതാഗതക്കുരുക്ക് വർദ്ധിച്ചതോടെ പണി തീരാത്ത സമാന്തരറോഡ് തുറന്നു കൊടുത്തു. പക്ഷേ, അവിടെയും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ചെറുവാഹനങ്ങളിൽ എത്തിയവർ സമീപ പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം നടന്നാണ് കൊട്ടിയൂരിലേക്ക് എത്തിയത്.
Source link