സസ്‌പെൻസ് ത്രില്ലറിനെ വെല്ലുന്ന പന്തീരാങ്കാവ് കേസ്: പ്രതി മകളെ സ്വാധീനിച്ചെന്ന് പിതാവ്, നേരറിയാൻ ഇന്ന് ചോദ്യംചെയ്യൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സിവിൽ പൊലീസ് ഓഫീസർ കെ ടി ശരത്‌ലാലിനെ ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിന് ശേഷം മുങ്ങിയ ഇയാൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു. തുടർന്നാണ് ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.
പരാതിക്കാരിയായ യുവതി തനിക്ക് പരാതിയില്ലെന്ന് ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ കേസിൽ പുതിയ വഴിത്തിരിവായത്. വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിയായ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കമെന്നാണ് യുവതിയുടെ പിതാവ് പറയുന്നത്.
‘ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകൾ തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. അതിന് ശേഷം എട്ടാം തീയതിവരെ മകളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടർന്ന് അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോൾ മൂന്നാം തീയതി മുതൽ 21-ാം തീയതി വരെ മകൾ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നാലെ മകളെ കാണാൻ ഇല്ലെന്ന് പരാതി നൽകി. കേസിൽ മകളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല’, യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് പോയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിക്കാരിയായ യുവതി പ്രതിക്കനുകൂലമായി സംസാരിച്ചത് കേസിലെ അന്വേഷണ സംഘം ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. ശരത്‌ലാലിന്റെ മൊഴിയെടുത്ത ശേഷം രണ്ടു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒന്നാം പ്രതി രാഹുലിനെ കണ്ടെത്താൻ കഴിയാത്തതിനാൽ നേരത്തെ കേസിൽ അറസ്റ്റിലായ രാഹുലിന്റെ മാതാവ് ഉഷാകുമാരി, സഹോദരി കാർത്തിക, ഡ്രെെവർ രാജേഷ്, കൂടാതെ കേസിൽ ഉൾപ്പെട്ട പൊലീസുകാരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
കേസിൽ യുവതിയുടെ പരാതിയുടെയും നേരത്തെ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടാതെ സംഭവം വിവാദമായതിനാൽ പരാതിക്കാരി കോടതിയിൽ നേരിട്ടും രഹസ്യമൊഴി നൽകിയിരുന്നു. പരാതിക്കാരി കോടതിയിൽ എത്തി മൊഴി മാറ്റി നൽകിയാലെ പൊലീസ് അത് ഗൗരവത്തിലെടുക്കൂ.
Source link