സുരേഷ് ഗോപിയുടെ ആദ്യ സന്ദർശനം നായനാരുടെ വീട്ടിൽ? കോഴിക്കോട് എത്തുന്നത് ഇന്ന് വൈകിട്ട്
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഡൽഹിയിൽ നിന്ന് ഇന്ന് രാത്രിയോടെ കോഴിക്കോട് എത്തും. ജില്ലയിലെ പ്രമുഖ ബി ജെ പി നേതാക്കളെ സന്ദർശിക്കും. കൂടാതെ തളി ക്ഷേത്രത്തിലും പോകും. രാവിലെ ട്രെയിനിൽ കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം പയ്യാമ്പലം ബീച്ചിലെ മാരാർ ജി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും.
തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുമ്പ് അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു’ എന്ന അടിക്കുറിപ്പോടെ ടീച്ചർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
കൊട്ടിയൂർ ക്ഷേത്രത്തിലേക്കും സുരേഷ് ഗോപി പോയേക്കും. മറ്റന്നാളായിരിക്കും സ്വന്തം മണ്ഡലത്തിലെത്തുക. ടൂറിസം, പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്.
ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം. ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിംഗ് പുരിയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിൽ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.
Source link