അവധിയാഘോഷിക്കാനെത്തിയ മലയാളി യുവതികൾ ഓസ്‌ട്രേലിയയിൽ കടലിൽ വീണുമരിച്ചു

കാൻബെറ: രണ്ട് മലയാളി യുവതികൾ വിദേശത്ത് കട‌ലിൽ വീണുമരിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കണ്ണൂർ സ്വദേശിയും കോഴിക്കോട് സ്വദേശിയുമായ യുവതികളാണ് കടലിൽ മുങ്ങിമരിച്ചത്. നടാൽ നാറാണത്ത് പാലത്തിന് സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (38) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.30ന് ആയിരുന്നു അപകടമുണ്ടായത്. സിഡ്‌നി സതർലൻഡ് ഷെയറിലെ കുർണെലിൽ അവധിയാഘോഷത്തിന് എത്തിയതായിരുന്നു യുവതികൾ. പാറക്കെട്ടിൽ ഇരിക്കുന്നതിനിടെ തിരമാലകൾ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയുമായിരുന്നു.

ഓസ്‌ട്രേലിയയിൽ സർക്കാർ ഉദ്യോഗസ്ഥയാണ് മർവ. അവധിയാഘോഷിക്കാൻ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് മർവ കടൽ തീരത്തെത്തിയത്. അപകടത്തിന് പിന്നാലെ ഹെലികോപ്‌ടറിന്റെ സഹായത്തോടെ കടലിൽ തെരച്ചിൽ നടത്തി അബോധാവസ്ഥയിൽ മർവയെയും നീർഷയെയും കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഷ്‌ന നീന്തി രക്ഷപ്പെടുകയായിരുന്നു. ‘ബ്ളാക്ക് സ്‌പോട്ട്’ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് അപകടമരണങ്ങൾ പതിവാണെന്ന് പൊലീസ് പറയുന്നു.

കാസർകോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ.സിറാജുദ്ദീനാണ് മർവയുടെ ഭർത്താവ്. പത്ത് വർഷത്തോളമായി കുടുംബം ഓസ്‌ട്രേലിയയിൽ താമസിക്കുകയാണ്. പിതാവ്: കെ എം സി സി സ്ഥാപക നേതാവ് സി ഹാഷിം. മാതാവ്: കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷൻ കൗൺസിലർ ഫിറോസ ഹാഷിം. ടി കെ ഹാരിസാണ് നീർഷയുടെ ഭർത്താവ്. പിതാവ്: എ എസ് റഹ്മാൻ, മാതാവ്: ലൈല.


Source link
Exit mobile version