KERALAMLATEST NEWS

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം; നടൻ സൗബിൻ ഷാഹിറിനെ ഉൾപ്പടെ ചോദ്യം ചെയ്യും

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ‌‌ഡി). നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, പങ്കാളിയായ ഷോൺ ആന്റണി എന്നിവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഷോൺ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. സൗബിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.

ക്രിമിനൽ ഗൂഢാലോചന,​ വിശ്വാസ വഞ്ചന,​ വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകൾ ചുമത്തി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പറവ ഫിലിംസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്‌ച എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്ത ഇഡി സൗബിനും ബാബുവിനും ഷോണിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായില്ലെന്നാണ് വിവരം. ഇവർക്ക് വീണ്ടും നോട്ടീസ് നൽകും.

മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിന് പിന്നാലെ കേസെടുത്തത്. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കൾ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റെെറ്റ്സ് നൽകിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗബിനും ബാബു ഷാഹിറും ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. മൂവരെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരിക്കുകയാണ്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും ഇപ്പോൾ ഹൈക്കോടതിയിലാണ്. ഇതിനിടെ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നിർമാതാക്കൾ കരുതിക്കൂട്ടിതന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്. തമിഴ്‌നാട്ടിലും സിനിമ വൻ ഹിറ്റായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Source link

Related Articles

Back to top button