പട്ടികജാതി വികസന വകുപ്പിലെ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേചെയ്തു
കൊച്ചി: ഓൺലൈൻ സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) സ്റ്റേ ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആർ. അരുണിന്റെ ഹർജിയിലാണ് ജുഡിഷ്യൽ അംഗം ജസ്റ്റിസ് പി.വി. ആശ, അഡ്മിനിസ്ട്രേറ്റീവ് അംഗം എൻ.വി. വാസുദേവൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പട്ടികജാതി വികസന വകുപ്പിൽ സുതാര്യത ഉറപ്പു വരുത്താൻ ഇലക്ട്രോണിക് ഡാറ്റാബേസ് സംവിധാനം നടപ്പാക്കി ഓൺലൈനായി സ്ഥലംമാറ്റങ്ങൾ നടത്തണമെന്ന് സർക്കാർ 2017ലും 2021ലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇതിനിടെ മേയ് നാലിന് വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജിക്കാരൻ അഡ്വ. എ. ജയശങ്കർ മുഖേന കെ.എ.ടിയെ സമീപിക്കുകയായിരുന്നു.
എസ്.പി തസ്തികയിൽ കെ.ഇ.ബൈജു
തിരുവനന്തപുരം :എറണാകുളം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ എസ്.പിയുടെ തസ്തിക രൂപീകരിച്ച് ഉത്തരവായി. പൊലീസ് അക്കാഡമിയിലെ അസി.ഡയറക്ടറായ കെ.ഇ.ബൈജുവിനാണ് നിയമനം.
ദുരന്ത മുന്നറിയിപ്പിന്
സൈറൺ; ഇന്ന് ട്രയൽ റൺ
തിരുവനന്തപുരം: കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൈറണിലൂടെ മുന്നറിയിപ്പ് നൽകുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേതൃത്വത്തിലുള്ള ’കവചം’ സംവിധാനത്തിന്റെ ട്രയൽ റൺ ഇന്ന് നടത്തും. വിദേശ രാജ്യങ്ങളിലെ മാതൃകയിലാണ് സംവിധാനം.
സംസ്ഥാനത്ത് 85 സൈറണുകളുടെ പ്രവർത്തനക്ഷമതയാണ് ഇന്ന് വിവിധ സമയങ്ങളിലായി പരീക്ഷിക്കുന്നത്. ഇന്ന് സൈറൺ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് 126 സൈറണുകളും മുന്നറിയിപ്പ് ലൈറ്റുകളുമാണ് സർക്കാർ കെട്ടിടങ്ങളിലടക്കം സ്ഥാപിച്ചത്. സൈറൺ മുഴങ്ങുന്നതിനൊപ്പം റെക്കാഡ് ചെയ്ത ശബ്ദ സന്ദേശവും കേൾപ്പിക്കും.
ജില്ലാ, താലൂക്ക് തലത്തിലാണ് നിലവിൽ സംവിധാനം ഏർപ്പെടുത്തിയത്. വിവിധ ദുരന്തങ്ങൾക്ക് വിവിധ തരത്തിലുള്ള മുന്നറിയിപ്പുകളാകും നൽകുക.
സർക്കാർ ജീവനക്കാർക്ക് പഠിക്കാം,
മാർഗനിർദ്ദേശങ്ങൾ പാലിക്കണം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സായാഹ്ന,പാർട്ട് ടൈം,വിദൂര വിദ്യാഭ്യാസ,ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.കോഴ്സിന് രണ്ടുമാസം മുമ്പ് അപേക്ഷിക്കണം,രണ്ടാഴ്ചക്കുളളിൽ വകുപ്പ് മേധാവി തീരുമാനമറിയിക്കണം.വകുപ്പ്തലവന് നേരിട്ടോ,ഓൺലൈനായോ അപേക്ഷ നൽകാം.
അനുമതി കിട്ടിയില്ലെങ്കിൽ അപ്പീൽ നൽകാൻ വകുപ്പ് സംവിധാനമൊരുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനം നടത്തുന്നതിന് അനുമതി നൽകാൻ പാടുള്ളൂ. ഓഫീസ് സമയത്തിൽ യാതൊരു ഇളവും പാടില്ല.
ഓഫീസ് സമയത്ത് യാതൊരു കോഴ്സുകളിലും പങ്കെടുക്കാനും പാടില്ല. മുൻകൂർ അനുമതി കൂടാതെ പഠിക്കാൻപോയാൽ അച്ചടക്ക നടപടി സ്വീകരിക്കാം. കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന ജീവനക്കാർക്ക് ഭരണ സൗകര്യാർത്ഥം നടത്തുന്ന സ്ഥലം മാറ്റത്തിൽ നിന്നു മേൽ കാരണത്താൽ സംരംക്ഷണം ലഭിക്കുന്നതല്ലെന്നും ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.
Source link