ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കാണെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം. അതിൽ പ്രധാനം ശിവം ദുബെയ്ക്ക് നിലവിലെ പ്ലേയിംഗ് ഇലവനിലുള്ള സ്ഥാനത്തെ കുറിച്ചാണ്. പേസ് ഓൾ റൗണ്ടർ എന്ന നിലയിലാണ് ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡിനും പാക്കിസ്ഥാനും എതിരേ ബൗളിംഗ് ചെയ്യാൻ ദുബെയ്ക്ക് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരേ രണ്ട് പന്തിൽ പൂജ്യം നോട്ടൗട്ടായിരുന്നു ദുബെ, പാക്കിസ്ഥാനെതിരേ ഒന്‍പത് പന്തിൽ നേടിയത് മൂന്ന് റണ്‍സ് മാത്രം. ദുബെയ്ക്ക് പകരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിക്കൂടേ എന്ന ചോദ്യം ഇതോടെ പ്രസക്തം. കാരണം, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നിങ്ങനെ മൂന്ന് സ്പെഷലിസ്റ്റ് പേസർമാർ. പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ. 20 ഓവർ എറിയാനായി ദുബെയെ കൂടാതെ ആറ് ബൗളർമാർ. ഇത്രയും പോരേ, ബൗളിംഗ് ഓപ്ഷൻ ഏഴ് ആക്കണോ…? ദുബെയ്ക്ക് പകരം സഞ്ജു പ്ലേയിംഗ് ഇലവനിൽ എത്തിയാൽ ഇന്ത്യയുടെ ഫീൽഡിംഗും മെച്ചപ്പെടുമെന്നതിൽ തർക്കമില്ല. പാക്കിസ്ഥാനെതിരായ മത്സരത്തിൽ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ദുബെ വിട്ടുകളഞ്ഞിരുന്നു. ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിന്റെ നാലാം പന്തിലായിരുന്നു ഫൈൻ ലെഗിൽ ദുബെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു റിസ്വാൻ അപ്പോൾ നേടിയിരുന്നത് എന്നതാണ് ശ്രദ്ധേയം. 31 റണ്‍സ് നേടിയ റിസ്വാനാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയായതെന്നതും ഇതിനോട് ചേർത്തുവായിക്കണം. വിരാട് കോഹ് ലിയുടെ ഓപ്പണിംഗും നിലവിൽ ഇന്ത്യൻ ടീമിന്റെ ബലഹീനതയാണ്. അയർലൻഡിന് എതിരേ അഞ്ച് പന്തിൽ ഒന്നും പാക്കിസ്ഥാനെതിരേ മൂന്ന് പന്തിൽ നാലുമാണ് കോഹ്ലിയുടെ സ്കോർ. പാക്കിസ്ഥാനെതിരായ കോപ്പിബുക്ക് സ്റ്റൈൽ കവർ ഡ്രൈവ് ഫോർ മാത്രമാണ് കോഹ്ലി ആരാധകർക്കുള്ള ആശ്വാസം.
Source link