നീറ്റ് യു.ജി പരീക്ഷാഫലം: വ്യാപക വിദ്യാർത്ഥി പ്രതിഷേധം

ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് ഡൽഹി വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയും ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയനുമാണ് പ്രതിഷേധമുയർത്തിയത്. വിവാദ ഗ്രേസ് മാർക്കിടലിൽ ഉൾപ്പെടെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ എ.ബി.വി.പിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അന്വേഷിക്കണമെന്ന് എ.എ റഹീം എം.പി
നീറ്റ് പരീക്ഷാ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് എ.എ റഹീം എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രവേശന പരീക്ഷകൾ സുതാര്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എം.എസ്.എഫും സുപ്രീംകോടതിയിൽ
നീറ്റ് യു.ജി പരീക്ഷാഫലത്തിലെ ഗ്രേസ് മാർക്കിൽ വിവാദം തുടരുന്നതിനിടെ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ വിദ്യാർത്ഥി സംഘടനയാണ്. വിഷയം സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ ജരിപതേ കാർത്തിക് എന്ന വിദ്യാർത്ഥിയും ഹർജി നൽകി.
1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിലാണ് സംശയമുയർന്നത്. ഒ.എം.ആർ ഷീറ്റുകൾ നൽകാൻ വൈകിയതിനാൽ ആറു സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം. യാതൊരു മാനദണ്ഡവും പാലിക്കാതെ ഗ്രേസ് മാർക്ക് നൽകിയത് ഏകപക്ഷീയമാണെന്നും ഹർജിയിൽ ആരോപിച്ചു. പരീക്ഷാഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.
ഏകീകൃത കുർബാനയ്ക്ക്
വൈദികർക്ക് അന്ത്യശാസനം
പ്രത്യേക ലേഖകൻ
കൊച്ചി: ഏകീകൃത കുർബാന ജൂലായ് മൂന്നു മുതൽ നടപ്പാക്കാൻ വൈദികർക്ക് സിറോമലബാർസഭയുടെ അന്ത്യശാസനം. അതിനു ശേഷവും ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും. ജനാഭിമുഖ കുർബാനയിൽ പങ്കെടുക്കരുതെന്ന് വിശ്വാസികൾക്കും നിർദ്ദേശമുണ്ട്.
ഇതുസംബന്ധിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും എറണാകുളം അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സർക്കുലർ അടുത്ത ഞായറാഴ്ച ഇടവകപ്പള്ളികളിൽ വായിക്കും.
വത്തിക്കാനിൽ മാർപ്പാപ്പയെ ബിഷപ്പുമാർ സന്ദർശിച്ചശേഷമാണ് തീരുമാനം. അനുസരിക്കാത്തവർ നാലാം തീയതി മുതൽ പൗരോഹിത്യ ശുശ്രൂഷകൾ നടത്തുന്നത് വിലക്കും. ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭരണച്ചുമതലകളിൽ നിന്ന് അവരെ ഒഴിവാക്കും.
സഭ വിലക്കുന്ന വൈദികർ കാർമ്മികത്വം വഹിക്കുന്ന വിവാഹങ്ങൾ ഉൾപ്പെടെ അസാധുവാകും. ഏകീകൃത കുർബാന അർപ്പിക്കാമെന്ന് രേഖാമൂലം അറിയിക്കാത്തവർക്ക് വൈദികപട്ടം നൽകില്ല.
സിനഡിന്റെ തീരുമാനവും മാർപ്പാപ്പയുടെ നിർദ്ദേശവും അംഗീകരിക്കാൻ ഒരുവിഭാഗം വൈദികർ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് അന്ത്യശാസനം.
Source link